ടൊവിനോയുടെ തിരിച്ചുവരവ് ആഘോഷമാക്കി അണിയറപ്രവര്‍ത്തകര്‍- വീഡിയോ

Tovino Returns in Kaanekkaane Location

ടൊവിനോയുടെ തിരിച്ചുവരവ് ആഘോഷമാക്കി അണിയറപ്രവര്‍ത്തകര്‍- വീഡിയോ

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന മലയാളികളുടെ പ്രിയതാരം ടൊവിനോ വീണ്ടും ഷൂട്ടിങ്ങില്‍ സജീവാകുന്നു. താരത്തിന്റെ മടങ്ങിവരവ് ആഘോഷമാക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകരും. കഴിഞ്ഞ ദിവസം ടൊവിനോ കാണെക്കാണെ എന്ന സിനിമയുടെ സെറ്റിലെത്തി. താരത്തിന് നല്‍കിയ വരവേല്‍പ്പിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാണ്.

കേക്ക് മുറിച്ച് മധുരം പങ്കിട്ടാണ് മടങ്ങിവരവ് ടൊവിനോ ആഘോഷമാക്കിയത്. മനു അശോകന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് കാണെക്കാണെ. കൊച്ചിയിലാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ടൊവിനോയ്ക്ക് പുറമെ, ഐശ്വര്യ ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ബോബി-സഞ്ജയ് ആണ് കാണെക്കാണെയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉയരെ എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ- മനു അശോകന്‍- ബോബി-സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും കാണെക്കാണെയ്ക്ക് ഉണ്ട്. ആല്‍ബി ആന്റണിയാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

അതേസമയം കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ടൊവിനോയ്ക്ക് പരിക്കേറ്റത്. സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടെ വയറിന് ചവിട്ടേല്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഹിത് വി എസ് ആണ് കള എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ‘അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലീസ്, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രോഹിത് വി എസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘കള’യ്ക്ക് ഉണ്ട്.

Story highlights: Tovino Returns in Kaanekkaane Location