വിഷ്ണു മോഹന്റെ ‘പപ്പ’യിൽ രാഷ്ട്രീയക്കാരനായി ഉണ്ണി മുകുന്ദൻ
മേപ്പടിയാൻ പൂർത്തിയാകും മുൻപ് തന്നെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. മേപ്പടിയാൻ സംവിധാനം ചെയ്യുന്ന വിഷ്ണു മോഹൻ തന്നെയാണ് ഉണ്ണി പുതിയ ചിത്രവും ഒരുക്കുന്നത്. പപ്പ എന്ന് പേരുനൽകിയിരിക്കുന്ന ചിത്രത്തിൽ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്.
പപ്പ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും വിഷ്ണു മോഹൻ തന്നെയാണ്. തൊടുപുഴ, ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. 2021 മാർച്ചിൽ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. മറ്റ് അഭിനേതാക്കളുടെ വിവരങ്ങൾ ഉടൻ പങ്കുവയ്ക്കും.
അതേസമയം, പാലായിലും ഈരാറ്റുപേട്ടയിലുമായി മേപ്പടിയാൻ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. 21 ദിവസത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ടീമിന് ഇനി 25 ദിവസത്തെ ഷൂട്ടിംഗ് കൂടി ബാക്കിയുണ്ട്. കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് മേപ്പടിയാന്റെ ഷൂട്ടിംഗ് നടക്കുന്നത്. പത്തുവർഷം മുൻപുള്ള കാലമാണ് സിനിമയിൽ ചിത്രീകരിക്കുന്നത്. അതുകൊണ്ടു തന്നെ ധാരാളം പ്രതിസന്ധികൾ ഷൂട്ടിംഗ് സമയത്ത് മേപ്പടിയാൻ ടീമിന് നേരിടേണ്ടതുണ്ട്. ഔട്ട് ഡോർ ഷൂട്ടിങ്ങുകൾ ഉള്ളതുകൊണ്ട് മാസ്ക് ധരിച്ചവർ ഫ്രയിമിൽ വരുന്നതൊക്കെ ചിത്രീകരണത്തിന് വെല്ലുവിളിയാകുന്നുണ്ട്.
ഉണ്ണി മുകുന്ദന്റെ സ്വപ്ന പദ്ധതിയാണ് ‘മേപ്പടിയാൻ’. ചിത്രത്തിൽ നായകവേഷം കൈകാര്യം ചെയ്യുന്നതിന് പുറമെ അദ്ദേഹത്തിന്റെ കന്നി നിർമ്മാണ സംരംഭം കൂടിയാണിത്. ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡാണ് ചിത്രം നിർമിക്കുന്നത്. ഷൂട്ടിംഗ് ആരംഭിച്ചതോടെ ആവേശത്തിലാണ് ഉണ്ണി മുകുന്ദൻ. എല്ലാ അഭിനേതാക്കളും ക്രൂ അംഗങ്ങളും ഷൂട്ടിംഗിൽ ചേരുന്നതിന് മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു.
Read More: സംഗീത പ്രേമികൾക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങൾ സമ്മാനിച്ച് ആദിത്; മ്യൂസിക് ആൽബം ശ്രദ്ധേയമാകുന്നു
മെക്കാനിക്കായ ജയകൃഷ്ണൻ എന്ന സാധാരണക്കാരനായിട്ടാണ് ഉണ്ണി മുകുന്ദൻ മേപ്പടിയാനിൽ അഭിനയിക്കുന്നത്. ഈ കഥാപാത്രത്തിനായി 15 കിലോ ഭാരം വർധിപ്പിച്ചിരുന്നു ഉണ്ണി മുകുന്ദൻ. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, അഞ്ജു കുര്യൻ എന്നിവർ ചിത്രത്തിലെ ചില പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. വിജയ് ബാബു, കലാഭവൻ ഷാജോൺ, അപർണ ജനാർദ്ദനൻ, നിഷ സാരംഗ്, കുണ്ടറ ജോണി, മേജർ രവി, ശ്രീജിത്ത് രവി, കോട്ടയം രമേഷ്, പോളി വിൽസൺ, കൃഷ്ണ പ്രസാദ്, മനോഹരി അമ്മ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
Story highlights- unni mukundan’s new movie papa announced