കമല ഹാരിസ് രചിച്ചത് പുതുചരിത്രം
യുഎസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് രചിച്ചത് പുതുചരിത്രം. ഡെമാക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വെളുത്ത വംശജയല്ലാത്ത ആദ്യ വനിതയാണ് കമല. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മൂന്നാമത്തെ വനിതയും. ഇന്ത്യന്‍ വേരുകളുള്ള കമലയുടെ നേട്ടത്തില്‍ ഇന്ത്യക്കുമുണ്ട് അഭിമാനം.
തമിഴ്നാട് സ്വദേശിനിയാണ് കമല ഹാരിസിന്റെ അമ്മ. അച്ഛന് ജമൈക്കന്‍ സ്വദേശിയും. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ മൈക്ക് പെന്‍സിനെയാണ് കമല പരാജയപ്പെടുത്തിയത്. യുഎസ് പ്രസിഡന്റാകാനുള്ള മത്സരത്തില്‍ തുടക്കത്തില്‍ കമല ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ജോ ബൈഡന് പിന്തുണ പ്രഖ്യാപിച്ച് പിന്മാറുകയായിരുന്നു.
Read more: ‘ഐക്യത്തിലേക്ക് നയിക്കുന്ന പ്രസിഡന്റാകും’; നന്ദി പറഞ്ഞ് ജോ ബൈഡന്
2010-ല്‍ കാലിഫോര്‍ണിയ സ്റ്റേറ്റ് അറ്റോര്‍ണി ജനറലായി കമല നിയമിതയായി. തുടര്‍ന്ന് 2016-ലെ തെരഞ്ഞെടുപ്പില്‍ യുഎസ് സെനറ്റിലെത്തി. യുഎസ് സെനറ്റിലെത്തുന്ന ആദ്യ ദക്ഷിണേന്ത്യന്‍ അമേരിക്കന്‍ വംശജയും രണ്ടാമത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയുമാണ് കമല ഹാരിസ്. തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം യുഎസ് പ്രസിഡന്റായി വിജയിച്ച ജോ ബൈഡനോട് ‘നമ്മള് അത് നേടി’ എന്ന് കമല ഹാരിസ് പറയുന്ന വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Story highlights: US Presidential Election 2020 Kamala Harris Wins