‘അഞ്ചാം പാതിര’യിലെ സൈക്കോ സൈമണാകാൻ ലുക്ക് ടെസ്റ്റ് നടത്തിയിരുന്നു’- ചിത്രങ്ങൾ പങ്കുവെച്ച് നടൻ

കുഞ്ചാക്കോ ബോബന്റെ കരിയർ ഹിറ്റ് ചിത്രമായിരുന്നു സൈക്കോളജിക്കൽ ത്രില്ലറായ അഞ്ചാം പാതിര. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ചിത്രം ഈ വർഷം മലയാള സിനിമയിലെ ഏറ്റവുമധികം ചർച്ചയായ സിനിമ കൂടിയാണ്. എന്നാൽ, നായകനെക്കാൾ ശ്രദ്ധ നേടിയത് സൈക്കോ സൈമൺ എന്ന വില്ലൻ കഥാപാത്രമാണ്.

മേക്കപ്പ് ആർട്ടിസ്റ്റും നടനുമായ സുധീർ സൂഫിയാണ് ചിത്രത്തിൽ സൈക്കോ സൈമണായി വേഷമിട്ടത്. എന്നാൽ, സുധീറിന് മുൻപ് സൈക്കോ സൈമണിനായി ലുക്ക് ടെസ്റ്റ് നടത്തിയിരുന്നതായി പങ്കുവയ്ക്കുകയാണ് നടനും ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനുമായ വിനീത് വാസുദേവൻ.

ചിത്രത്തിൽ സ്ത്രീ വേഷത്തിലും കഥാപാത്രം എത്തുന്നുണ്ട്. അതുകൊണ്ട് സ്ത്രീ വേഷത്തിലുള്ള ലുക്ക് റെസ്റ്റാണ് നടത്തിയത്. ‘അഞ്ചാം പാതിര എന്ന സിനിമയിലെ സൈക്കോ സൈമൺ എന്ന കഥാപാത്രത്തിന് വേണ്ടി ഒരു ലുക്ക് ടെസ്റ്റ് നോക്കിയിരുന്നു.. പിന്നീട് കഥാപാത്രത്തിന്റെ ചില കൺസേൺസ് കൊണ്ട് ഈ കഥാപാത്രം ചെയ്യാൻ സാധിച്ചിരുന്നില്ല.. പക്ഷെ ഒരു ചെറിയ വേഷത്തിൽ സിനിമയിൽ ഇടക്ക് ഒന്ന് മിന്നി മാഞ്ഞിരുന്നു..ഇടക്കിടക്ക് ഗാലറിയിൽ ഈ ഫോട്ടോ കാണുമ്പോൾ ഷെയർ ചെയ്യണം എന്ന് വിചാരിക്കും.. സംഭവം വെറൈറ്റി അല്ലെ’- ചിത്രം പങ്കുവെച്ചുകൊണ്ട് വിനീത് ചോദിക്കുന്നു.

Read More: കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത് നടൻ ധ്രുവ സാർജ

അതേസമയം, ‘അഞ്ചാം പാതിര’യുടെ അസോസിയേറ്റ് ഡയറക്ടറായ അമല്‍ സി. ബേബിയിലൂടെയാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ സുധീർ സൈക്കോ സൈമണായി എത്തുന്നത്. ഒരുപാട് അംഗീകാരങ്ങൾ സുധീറിന് ഈ വേഷം നേടിക്കൊടുത്തു. തിരുവനന്തപുരം നന്തൻകോട് നടന്ന കൂട്ടകൊലപാതക പ്രതി കേഡലുമായി സൈക്കോ സൈമൺ എന്ന കഥാപാത്രത്തിനുണ്ടായ സാദൃശ്യം ചർച്ചയായിരുന്നു.

Story highlights- vineeth vasudevan shares psycho simon look test photos