ആ വയലിൻ തന്ത്രികളും നിശ്ചലമായി; ടി എൻ കൃഷ്ണൻ ഓർമ്മയാകുമ്പോൾ
പ്രശസ്ത വയലിനിസ്റ്റ് ടി.എൻ. കൃഷ്ണൻ അന്തരിച്ചു. 92 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. തൃപ്പൂണിത്തുറ ഭാഗവതർമഠത്തിൽ എ. നാരായണ അയ്യരുടെയും അമ്മിണി അമ്മാളിന്റെയും മകനായി 1928 ഒക്ടോബർ ആറിനാണ് ടി.എൻ. കൃഷ്ണൻ ജനിച്ചത്. ചെറുപ്പം മുതൽ അച്ഛന്റെ കീഴിൽ വയലിൻ പഠിച്ചുതുടങ്ങിയ അദ്ദേഹം പതിറ്റാണ്ടുകളോളം വയലിനിൽ നാദവിസ്മയം സൃഷ്ടിച്ചു.
വയലിനിൽ പകരക്കാരനില്ലത്ത പ്രതിഭയായിരുന്ന ടി.എൻ. കൃഷ്ണൻ പത്മഭൂഷൻ, പത്മശ്രീ, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം, സ്വാതി സംഗീത പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
രാജ്യത്തിനകത്തും വിദേശത്തുമായി ഇരുപത്തയ്യായിരത്തിൽ അധികം കച്ചേരികൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സംഗീതനാടക അക്കാദമി വൈസ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കമലയാണ് ഭാര്യ. മക്കൾ: വിജി കൃഷ്ണൻ, ശ്രീറാം കൃഷ്ണൻ.
ഇന്ത്യൻ കലാരംഗത്തെ നഷ്ടങ്ങളുടെ കണക്കുപുസ്തകത്തിൽ ടി.എൻ. കൃഷ്ണന്റെ പേര് കൂടി ചേർക്കപ്പെടുമ്പോൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് സംഗീതലോകം.
Story Highlights:violinist tn krishnan passes away