അർജുൻ അശോകന്റെ നായികയായി സംയുക്ത മേനോൻ- ‘വൂൾഫ്’ ടൈറ്റിൽ പോസ്റ്റർ

വെള്ളിത്തിരയിലൂടെ പ്രേക്ഷകരെ ഏറെ പൊട്ടിചിരിപ്പിച്ച നടനാണ് ഹരിശ്രീ അശോകൻ. അച്ഛനെ പോലെത്തന്നെ ഏറെ ആരാധകരുള്ള താരമാണ് മകൻ അർജുൻ അശോകനും. കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി ആരാധകരെ താരം നേടിയെടുത്തു കഴിഞ്ഞു. 

അർജുൻ അശോകൻ നായകനാകുന്ന ‘ വൂൾഫ്’ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചത്.
ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ജി.ആര്‍. ഇന്ദുഗോപനാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.

ഷാജി അസീസിന്റെ മൂന്നാമത്തെ ചിത്രമാണ് വൂള്‍ഫ്. ഒക്ടോബറിലാണ് വൂൾഫിന്റെ ചിത്രീകരണം ആരംഭിച്ചത്. അതേസമയം, നിരവധി ചിത്രങ്ങളിലാണ് അർജുൻ അശോകൻ വേഷമിടുന്നത്. ‘മെമ്പർ രമേശൻ 9-ാം വാർഡ്’ എന്ന ചിത്രത്തിലും അർജുൻ നായകനായി എത്തുന്നു.

‘പറവ’യിലെ ക്രിക്കറ്റ് ഭ്രാന്തനായ കഥാപാത്രത്തിലൂടെയാണ് അര്‍ജുന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഫഹദ് ഫാസിലിന്റെ ‘വരത്തനി’ല്‍ വില്ലന്‍ വേഷത്തിലൂടെയും അര്‍ജുന്‍ ശ്രദ്ധേയനായി. ആസിഫ് അലി നായകനായ ‘മന്ദാര’ത്തിലും പ്രധാന വേഷത്തില്‍ അര്‍ജുന്‍ എത്തിയിരുന്നു. മമ്മൂട്ടി നായകനായി എത്തിയ ‘ഉണ്ട’, രജിഷ വിജയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ജൂൺ’ എന്നീ ചിത്രങ്ങളിലും താരം മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Story highlights- wolf movie title poster