‘ഈ കൊവിഡ് കാലത്ത് കഷ്ടപ്പെട്ട് പണിയെടുത്ത് ഫോൺ വാങ്ങിയത് നിനക്ക് അടിച്ചോണ്ട് പോവാനല്ല’; മോഷ്ടാവിനെ നേരിട്ട് യുവതി; കൈയടിച്ച് സോഷ്യൽ മീഡിയ
കാലം മാറി.. ഇപ്പോൾ ആക്രമിക്കാൻ എത്തുന്നവരെയും കള്ളന്മാരെയുമൊക്കെ കൈയോടെ പിടികൂടാറുണ്ട് ഇന്നത്തെ തലമുറക്കാർ. അതിൽ ആൺ- പെൺ വ്യത്യാസം എന്നൊന്നും ഇല്ല. ആക്രമിക്കാൻ എത്തുന്നവർ ആരായാലും അവരെ നേരിടാനുള്ള മാർഗങ്ങളൊക്ക പഠിച്ചുകഴിഞ്ഞു പുതുതലമുറയിലെ പെൺകുട്ടികളും. അത്തരത്തിൽ ഒരു പെൺകരുത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
ആൾക്കൂട്ടത്തിനിടെയിൽ നിന്നും ഫോൺ തട്ടിപ്പറിക്കാൻ ശ്രമം നടത്തിയ യുവാവിനെ കൈയോടെ പിടികൂടി നേരിട്ട യുവതിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ ആകർഷിക്കുന്നത്. സുഹൃത്തിനൊപ്പം നടക്കുകയായിരുന്ന പെൺകുട്ടിയുടെ കൈയിൽ നിന്നും വില കൂടിയ സ്മാർട്ട് ഫോൺ തട്ടിപ്പറിച്ച് ഓടാൻ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ട് പിടിച്ച് ഫോൺ തിരികെ വാങ്ങിയിരിക്കുകയാണ്ഈ യുവതി.
Read also:ഗവേഷക ജോലി ഉപേക്ഷിച്ച് കൃഷി ചെയ്യാനിറങ്ങിയ ഡോ. ഹരി നാഥ്
മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ച് അയാളുടെ തല അവളുടെ കൈകളിലാക്കിയ ശേഷം അയാളെ മറിച്ചിടുകയായിരുന്നു. ഇതോടെ അവിടെ ഉണ്ടായിരുന്ന ജനക്കൂട്ടവും അവിടേക്ക് ഓടിക്കൂടി. ആളുകൾക്കിടയിൽ നിന്നും കുതറി ഓടാൻ ശ്രമിച്ച യുവാവിനെ വീണ്ടും അടിച്ചു വീഴ്ത്തുന്ന യുവതിയേയും ദൃശ്യങ്ങളിൽ കാണാം. ‘ആളുമാറിപ്പോയി മോനെ, ഈ കൊവിഡ് കാലത്ത് പകുതി ശമ്പളത്തിന് പണിയെടുത്ത് കഷ്ടപ്പെട്ട് ഞാൻ വാങ്ങിയ ഫോൺ, നിനക്ക് മൂന്ന് മിനിറ്റുകൊണ്ട് അടിച്ചുപോവാനല്ല’ എന്നും യുവതി ഇടയ്ക്ക് പറയുന്നുണ്ട്.
Story Highlights: woman attacked thief goes viral