‘അണ്ണാത്തെ’ സെറ്റിൽ എട്ട് പേർക്ക് കൊവിഡ്; സിനിമ ചിത്രീകരണം വീണ്ടും നിർത്തിവെച്ചു
രജനീകാന്ത് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘അണ്ണാത്തെ’യുടെ സെറ്റിൽ എട്ട് പേർക്ക് കൊവിഡ്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സിനിമ ചിത്രീകരണം താത്കാലികമായി നിർത്തിവെച്ചു. അതേസമയം രജനീകാന്ത് ഉൾപ്പെടെയുള്ള താരങ്ങളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.
രജനീകാന്തിന്റെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് അണ്ണാത്തെ. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തിടെയാണ് ആരംഭിച്ചത്. സിനിമയുടെ ലൊക്കേഷൻ വിശേഷങ്ങളുടെ ചിത്രങ്ങൾ നേരത്തെ അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. പുതിയ ചിത്രത്തിനായി ലൊക്കേഷനിൽ എത്തിയ രജനീകാന്തിന്റെ ചിത്രം മകൾ ഐശ്വര്യ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
റാമോജി റാവു ഫിലിം സിറ്റിയിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. അതേസമയം കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് സിനിമയുടെ ചിത്രീകരണം നേരത്തെ പാതിവഴിയിൽ മുടങ്ങിയിരുന്നു. ഇപ്പോൾ വീണ്ടും സിനിമയുടെ ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്. രജനികാന്തിന് പുറമെ നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് അണ്ണാത്തെ. കീർത്തി സുരേഷ്, നയൻതാര, മീന, ഖുശ്‌ബു, പ്രകാശ് രാജ്, സതീഷ്, സൂരി തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് നടൻ ജാക്കി ഷ്രോഫാണ്.
Read also:സ്രാവുകൾക്കൊപ്പം നീന്തിത്തുടിക്കുന്ന സാന്താക്ലോസ്; മനോഹരമായൊരു ക്രിസ്മസ് കാഴ്ച
ത്യാഗരാജൻ കുമാരരാജയുടെ ആരണ്യ കാണ്ഡം എന്ന ചിത്രത്തിൽ അവിസ്മരണീയമായ വേഷം ചെയ്തുകൊണ്ടാണ് ജാക്കി ഷ്രോഫ് തമിഴ് സിനിമാലോകത്തേക്ക് ചുവടുവച്ചത്. അതിനുശേഷം വിജയ് നായകനായ ബിഗിലിലും വില്ലൻ വേഷത്തിൽ എത്തിയിരുന്നു.
Story Highlights: Actor rajinikanth annaatthe shooting canceled due to covid