275 ദിവസങ്ങൾക്ക് ശേഷം വീടുവിട്ട് പുറത്തേക്കിറങ്ങി മമ്മൂട്ടി; സോഷ്യൽ ഇടങ്ങളിൽ സജീവമായി സിനിമ ചർച്ചകൾ
‘ദി പ്രീസ്റ്റ്’ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ് മാർച്ച് 5 ന് വീട്ടിൽ എത്തിയതാണ് ചലച്ചിത്രതാരം മമ്മൂട്ടി. പിന്നീടങ്ങോട്ട് നീണ്ട 275 ദിവസങ്ങൾ വീടിനുള്ളിൽ, ലോക്ക് ഡൗണിൽ വായിക്കാൻ മാറ്റിവെച്ച പുസ്തകങ്ങൾ വായിച്ചുതീർത്തും, കാണാൻ കരുതിവെച്ച സിനിമകൾ കണ്ടുതീർത്തും, ക്യാമറയുമായി വീട്ടുമുറ്റത്തെ പക്ഷികളുടെ ചിത്രങ്ങൾ എടുത്തും, പറമ്പിൽ കൃഷിചെയ്തുമൊക്കെ കഴിയുകയായിരുന്നു മലയാളത്തിന്റെ മെഗാസ്റ്റാർ. ഇപ്പോഴിതാ 275 ദിവസങ്ങൾക്ക് ശേഷം സിനിമ തിരക്കുകളിലേക്ക് വീണ്ടും ചേക്കേറാൻ ഒരുങ്ങുകയാണ് അദ്ദേഹം.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വീടിനുള്ളില്‍ കഴിഞ്ഞിരുന്ന മമ്മൂട്ടി ഇന്നലെ വൈകുന്നേരത്തോടെ സുഹൃത്തുക്കൾക്കൊപ്പം പൊതുഇടത്തിലിറങ്ങിയതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്. നിര്‍മ്മാതാവും സുഹൃത്തുമായ ആന്റോ ജോസഫിനും പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയ്ക്കും ഒപ്പം കലൂരില്‍ തട്ടുകടയില്‍ നിന്ന് സുലൈമാനി കുടിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ വൈറലാകുന്നത്. ഇതോടെ താരത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ ഇടങ്ങളിൽ സജീവമാകുന്നുണ്ട്.
‘വൺ’ ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. മമ്മൂട്ടി മുഖ്യമന്ത്രിയായി, രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണ് ‘വൺ’. നിരവധി മികച്ച ചിത്രങ്ങൾ സമ്മാനിച്ച ബോബി സഞ്ജയ് കൂട്ടുകെട്ടിൽ വിരിയുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥാണ്. കടക്കല്‍ ചന്ദ്രൻ എന്നാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. അതേസമയം ചിത്രീകരണം പൂർത്തിയാക്കിയ ദി പ്രീസ്റ്റ് ഡബ്ബിംഗും പൂര്‍ത്തിയാക്കാനുണ്ട്. ‘ബിലാലി’ന് മുമ്പ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ചിത്രമുണ്ടായേക്കുമെന്നും വാർത്തകൾ ഉണ്ട്.
Story Highlights:after 275 days mammootty leaves home