നിഗൂഢ ലോഹസ്‌തംഭങ്ങൾ തുടർക്കഥയാകുന്നു; യൂടായ്ക്കും റൊമാനിയയ്ക്കും പിന്നാലെ കാലിഫോർണിയയിലും ലോഹത്തൂൺ കണ്ടെത്തി

December 4, 2020

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോഹസ്‌തംഭങ്ങളെക്കുറിച്ചുള്ള വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിയിക്കുന്നത്. അമേരിക്കയിലെ യൂടായിലും റൊമാനിയയിലും പ്രത്യക്ഷപ്പെട്ടതിന് ശേഷം ഇപ്പോഴിതാ സമാനമായ രീതിയിലുള്ള ലോഹസ്തഭം കാലിഫോർണിയയിലും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. റൊമാനിയയിൽ പ്രത്യക്ഷപ്പെട്ട ലോഹത്തൂൺ അപ്രത്യക്ഷമായതിന് പിന്നാലെയാണ് കാലിഫോർണിയയിൽ ലോഹത്തൂൺ കണ്ടെത്തിയത്.

കഴിഞ്ഞ നവംബർ 18 നാണ് ആദ്യമായി അമേരിക്കയിലെ യൂടായിൽ വിജനമായ പ്രദേശത്ത് അജ്ഞാതമായ ലോഹസ്തൂപം കണ്ടെത്തിയത്. പിന്നീട് കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇവിടെ നിന്നും ലോഹത്തൂൺ അപ്രത്യക്ഷമാകുകയിരുന്നു. യൂടായിൽ നിന്നും കാണാതായതിന് പിന്നാലെ ഇതിന് സമാനമായ ലോഹത്തൂൺ റൊമാനിയയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. പ്രത്യക്ഷപ്പെട്ട് നാലു ദിവസങ്ങൾക്കു ശേഷമാണ് റൊമാനിയയിലെ ബാറ്റ്കാസ് ഡോംനേ എന്ന കുന്നിൽ നിന്ന് തൂൺ കാണാതായത്. നിഗൂഢമായ ലോഹത്തൂണിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ നടക്കുന്നതിനിടെയാണ് ഇവിടെ നിന്നും ലോഹസ്‌തംഭം അപ്രത്യക്ഷമായത്.

Read also:‘സഞ്ജുവേട്ടാ’; സ്‌നേഹപൂര്‍വ്വം ഗാലറിയില്‍ നിന്നും ഒരു വിശേഷം തിരക്കല്‍; വീഡിയോ

ഇപ്പോഴിതാ കാലിഫോർണിയയിലെ അടാസ്കഡേറോ മലയ്ക്ക് മുകളിലാണ് പുതിയതായി ലോഹത്തൂൺ കണ്ടെത്തിയിരിക്കുന്നത്. സ്റ്റെിൻലെസ് സ്റ്റീൽ കൊണ്ടുള്ള ഈ ലോഹത്തൂണിന് 10 അടി നീളവും 18 ഇഞ്ച് വീതിയുമുണ്ട്. എന്നാൽ റൊമാനിയയിൽ പ്രത്യക്ഷപ്പെട്ട ലോഹസ്‌തംഭത്തിന് 13 മീറ്ററോളം നീളമുണ്ട്‌. യൂടായിൽ പ്രത്യക്ഷപ്പെട്ടത് 12 മീറ്റർ നീളമുള്ള തൂണാണ്. വളരെ മിനുസമുള്ള പ്രതലത്തോട് കൂടിയ സ്തംഭത്തിൽ ചിത്രപ്പണികൾ പോലുള്ള വരകളും ദൃശ്യമാകുന്നുണ്ട്.

ഏറെ നിഗൂഢതകൾ ഒളിപ്പിച്ച ഈ ലോഹസ്തംഭത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രലോകവും അറിയിച്ചിട്ടുണ്ട്. എന്നാൽ ലോഹസ്തംഭങ്ങൾ സ്ഥാപിച്ചതിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളും ഉയരുന്നുണ്ട്.

Story Highlights: After Utah and Romania, 3rd mystery metal monolith appears on California