ഇന്ദ്രജിത്തിന് പിറന്നാൾ സമ്മാനവുമായി ‘ആഹാ’ ടീം-അർജുൻ അശോകൻ ആലപിച്ച ആദ്യ ഗാനം പങ്കുവെച്ച് സൂപ്പർ താരങ്ങൾ

December 17, 2020

ഇന്ദ്രജിത്ത് സുകുമാരൻ നായകനാകുന്ന വടംവലി പശ്ചാത്തലമാകുന്ന ആഹാ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനമെത്തി. ഇന്ദ്രജിത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ ഗാനം പുറത്തുവിട്ടത്. അർജുൻ അശോകനാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാള സിനിമയുടെ പ്രിയ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവർക്ക് പുറമെ തമിഴ് താരങ്ങളായ കാർത്തി, വിജയ് സേതുപതി എന്നിവർ ചേർന്നാണ് പുറത്തുവിട്ടത്.

സാസാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച്  ബിബിൻ  പോൾ സാമുവൽ സംവിധാനം ചെയ്ത ചിത്രമാണ് ആഹാ. ടോബിത് ചിറയത്താണ് ചത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. സയനോര ഫിലിപ്പാണ് ആഹായുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.  ജുബിത് നമ്രടത്ത് , ടിറ്റോ പി തങ്കച്ചൻ എന്നിവരാണ് ചിത്രത്തിന്റെ ഗാനരചയിതാക്കൾ. 

 കോട്ടയം നീലൂരുള്ള പ്രശസ്തമായ വടംവലി ടീമാണ് ആഹാ. കുടുംബ ബന്ധങ്ങൾക്കും പ്രണയത്തിനുമെല്ലാം പ്രാധാന്യം നൽകുന്ന ചിത്രത്തിൽ മനോഹരങ്ങളായ പാട്ടുകളുമുണ്ട്. വടംവലിയുടെ പശ്ചാത്തലത്തിലായതിനാൽ എൺപതിലധികം ലൊക്കേഷനുകളിൽ ആയിരത്തിലധികം ആളുകളെ പങ്കെടുപ്പിച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

ശാന്തി ബാലചന്ദ്രന്‍, അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ്.കെ.ജയൻ, സിദ്ധാർഥ ശിവ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ആഹാ ടീമിലെ യഥാർത്ഥ ഹീറോകളും വേഷമിട്ടിട്ടുണ്ട് എന്നതാണ്.

Story highlights- ahaa movie song