മൗണ്ട് എവറസ്റ്റിനെ സംരക്ഷിക്കാന്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പെണ്‍കരുത്ത്

December 23, 2020
Alpinist And Her Team Clean Up 8.5 Tons Of Waste On Mount Everest

പ്രകൃതി സ്‌നേഹത്തെക്കുറിച്ച് പലരും പ്രസംഗിക്കാറുണ്ടെങ്കിലും അവയൊക്കെ പലപ്പോഴും വാക്കുകളില്‍ മാത്രം ഒതുങ്ങാറാണുള്ളത്. എന്നാല്‍ പ്രകൃതിസ്‌നേഹത്തിന്റെ മനോഹരമായ ഒരു മാതൃകയാണ് പര്‍വതാരോഹകയും പരിസ്ഥിതിപ്രവര്‍ത്തകയുമായ മാരിയോണ്‍ ചാംങ്‌ന്യൂഡ് ഡുപ്യി.

എവറസ്റ്റ് കൊടുമുടിയില്‍ നിന്നും ഇതുവരെ എട്ടര ടണ്‍ മാലിന്യങ്ങളാണ് ഇവര്‍ നീക്കം ചെയ്തത്. എവറസ്റ്റിലെത്തുന്ന സഞ്ചാരികള്‍ വലിച്ചെറിയുന്നതാണ് ഈ മാലിന്യങ്ങള്‍. ക്ലീന്‍ എവറസ്റ്റ് എന്നാണ് മാരിയോണിന്റെ പദ്ധതിയുടെ പേര്. 2016-ലാണ് ഈ പദ്ധതിക്ക് തുടക്കംകുറിക്കുന്നത്.

മാരിയോണും സംഘവും ചേര്‍ന്ന് മൂന്ന് വര്‍ഷം കൊണ്ടാണ് എട്ടര ടണ്‍ മാലിന്യം നീക്കം ചെയ്തത്. ഹിമാലയന്‍ മലനിരകളിലെല്ലാം തങ്ങളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തണം എന്നാണ് ഇവരുടെ തീരുമാനം. പ്രകൃതിക്ക് ഇവര്‍ നല്‍കുന്ന കരുതലും സ്‌നേഹവും മഹത്തരമാണ്.

മൂന്ന് തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയിട്ടുള്ള ആളുകൂടിയാണ് മാരിയോണ്‍. മുപ്പത്തിയൊമ്പത് വയസ്സാണ് പ്രായം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സ്‌നേഹത്തിന്റെ വിജയം എന്നാണ് എവറസ്റ്റ് കീഴടക്കുന്നതിനെ മാരിയോണ്‍ വിശേഷിപ്പിക്കുന്നത്.

പ്രാദേശിക അധികൃതരും സമീപവാസികളുമെല്ലാമാണ് മാരിയോണിനൊപ്പം മാലിന്യം നീക്കം ചെയ്യാന്‍ ഒപ്പം നില്‍ക്കുന്നത്. വര്‍ഷങ്ങളായി മൗണ്ടന്‍ ഗൈഡായും മാരിയോണ്‍ പ്രവര്‍ത്തിക്കുന്നു.

Story highlights: Alpinist And Her Team Clean Up 8.5 Tons Of Waste On Mount Everest