നിഗൂഢതകൾ നിറഞ്ഞ് ‘അനുരാധ Crime No.59/2019’; ഫസ്റ്റ്ലുക്ക് പോസ്റ്റർ
ഇന്ദ്രജിത്തും അനുസിത്താരയും ഒന്നിക്കുന്ന ചിത്രമാണ് അനുരാധ Crime No.59/2019′. ഇന്ദ്രജിത്തിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒട്ടേറെ ദുരൂഹതകൾ നിറഞ്ഞ പോസ്റ്റർ നിരവധി താരങ്ങൾ ചേർന്നാണ് പങ്കുവെച്ചത്. നവാഗതനായ ഷാൻ തുളസീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഷാന്‍ തുളസീധരന്‍, ജോസ് തോമസ് പോളക്കല്‍ എന്നിവരുടെതാണ്. ഇന്ദ്രജിത്തിനും അനു സിതാരയ്ക്കും ഒപ്പം വിഷ്ണു ഉണ്ണികൃഷ്ണനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഹരിശ്രീ അശോകന്‍, ഹരീഷ് കമാരന്‍, ജൂഡ് ആന്റണി, അനില്‍ നെടുമങ്ങാട്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വീടിന്റെ നിര്‍മ്മാണത്തിനായി അവധിയില്‍ കഴിയുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായ പീതാംബരന് ഒരു കേസ് ഏറ്റെടുക്കേണ്ടി വരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്.
Read More: ഫോണും ലാപ്ടോപ്പും സ്ഥിരമായി ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ
ഗാര്‍ഡിയന്‍ എയ്ഞ്ചല്‍, ഗോള്‍ഡന്‍ എസ് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം പി, ശ്യാം കുമാര്‍ എസ്, സിനോ ജോണ്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
Story highlights- anuradha crime number 59/2019 first look poster