ആസിഫ് അലിയുടെ ‘കുറ്റവും ശിക്ഷയും’ ചിത്രീകരണം പൂര്‍ത്തിയായി; ഇനി ‘എല്ലാം ശരിയാകും’
ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കുറ്റവും ശിക്ഷയും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. രാജീവ് രവിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സണ്ണി വെയ്‌നും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. കൂടാതെ അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ വിവിധ കഥാപാതങ്ങളായെത്തുന്നു. ഫിലിം റോള്‍ പ്രെഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി ആര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.
കുറ്റവും ശിക്ഷയും എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരം ആസിഫ് അലി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. അതേസമയം താരം കേന്ദ്ര കഥാപാത്രമായെത്തുന്ന എല്ലാം ശരിയാകും എന്ന സിനിമയുടെ ചിത്രീകരണം ഇന്നു മുതലാണ്. മലയാളികള്‍ക്ക് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ജിബു ജേക്കബ്ബ് സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് ‘എല്ലാം ശരിയാകും’.
ഈരാട്ടുപേട്ട മടാവിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. രജിഷ വിജയനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. തോമസ് തിരുവല്ല, ഡോ. പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാരിസ്, ഷെല്‍ബിന്‍, നെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘അനുരാഗ കരിക്കിന്‍വെള്ളം’ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും രജിഷ വിജയനും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ‘എല്ലാം ശരിയാകും’ എന്ന സിനിമയ്ക്ക്. ഔസേപ്പച്ചനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് ചിത്രത്തിലെ ഗാനങ്ങളുടെ വരികള്‍. ശ്രീജിത് നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘എല്ലാം ശരിയാകും’.
Story highlights: Asif Ali Movie Ellam Sariyakum Shooting Started