അയ്യപ്പനും കോശിയും പാടിയ പാട്ട് പാടാൻ പവൻ കല്യാൺ; തെലുങ്ക് പതിപ്പ് ഒരുങ്ങുന്നു
പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ഒരുമിച്ചെത്തി മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചി സംവിധാനം ചെയ്ത ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സാണ് തെലുങ്കില്‍ ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സാഗര്‍ കെ ചന്ദ്രയാണ് സംവിധാനം നിർവഹിക്കുന്നത്.
പവന്‍ കല്യാൺ ചിത്രത്തിൽ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായരായി എത്തുമ്പോൾ പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ റോളില്‍ ആരാകുമെന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. കിച്ച സുദീപ്, രവി തേജ എന്നിവരുടെ പേരുകൾസി നേരത്തെ ഉയർന്നു കേട്ടെങ്കിലും ഇത് സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല. ചിത്രത്തിൽ കണ്ണമ്മയായി വേഷമിടുന്നത് സായി പല്ലവി ആയിരിക്കും എന്ന തരത്തിലും നേരത്തെ വാർത്തകൾ വന്നിരുന്നു.
മലയാളത്തിൽ ചിത്രത്തിന്റെ ടൈറ്റിൽ ഗാനം പാടിയത് പൃഥ്വിരാജും ബിജു മേനോനും കൂടെയാണ്. ഇപ്പോഴിതാ തെലുങ്കിലും ചിത്രത്തിന്റെ ടൈറ്റിൽ ഗാനം പാടുന്നത് പവൻ കല്യാൺ ആയിരിക്കും എന്നാണ് സൂചന. തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
അതേസമയം മലയാളത്തില്‍നിന്നും ചെറിയ മാറ്റങ്ങളോടെയാണ് തെലുങ്ക് പതിപ്പ് ഇറങ്ങുക. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ വില്ലന്‍ സ്വഭാവമുള്ള കോശി കുര്യന്‍ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു. അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. മികച്ച പ്രകടനം തന്നെയാണ് ചിത്രത്തില്‍ ബിജു മേനോന്‍ കാഴ്ചവയ്ക്കുന്നതും. അതിനാൽ ഈ കഥാപാത്രങ്ങളെ തെലുങ്കിൽ എത്തിക്കുമ്പോൾ മികച്ച പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് അയ്യപ്പനും കോശിയും നിർമിച്ചത്.
Read also: അഞ്ചിന്റെ മൊഞ്ചിൽ ‘ഉപ്പും മുളകും’ പരമ്പര ജൈത്രയാത്ര തുടരുന്നു
ചിത്രം ഹിന്ദിയിലേക്ക് എത്തിക്കുമ്പോൾ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ ജെ എ എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. ചിത്രത്തിന്റെ തമിഴ് റീമേക്കും ഒരുങ്ങുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Story highlights: Ayyappanum Koshiyum telugu remake pawan kalyan singing