പാട്ട് പ്രേമികളുടെ ഹൃദയം കവർന്ന 2020 ലെ സുന്ദരഗാനങ്ങൾ
എത്ര കേട്ടാലും മതിവരാത്ത, എത്ര പാടിയാലും കൊതിതീരാത്ത ചില പാട്ടുകളുണ്ട്. സംഗീത പ്രേമികളുടെ ഹൃദയം കവർന്ന സുന്ദര ഗാനങ്ങൾ. 2020 ഉം സമ്മാനിച്ചും അത്തരത്തിൽ സുന്ദരമായ ചില ഗാനങ്ങൾ. 2020-ല്‍ ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ ചില പാട്ടുകള്‍ നോക്കാം.
കലക്കാത്ത സന്തനമേറാം ….
സംഗീത പ്രേമികൾക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങൾ സമ്മാനിച്ചുകൊണ്ടാണ് ‘അയ്യപ്പനും കോശിയും’ ചിത്രത്തിലെ ടൈറ്റില്‍ ഗാഗം പുറത്തിറങ്ങിയത്. ആലാപനത്തിലെ നിഷ്കളങ്കതയും താളത്തിലെ വ്യത്യസ്തതയുമെല്ലാം നഞ്ചമ്മയുടെ പാട്ടിനെ അത്രമേൽ പ്രിയമുള്ളതാക്കി മാറ്റി. വളരെ വേഗത്തിൽ പാട്ടു പ്രേമികളുടെ ഹൃദയങ്ങളിൽ കയറിക്കൂടി ഈ സുന്ദരഗാനം. നഞ്ചമ്മയുടെ വരികൾക്ക് സംഗീതം ഒരുക്കിയത് ജെയ്ക്സ് ബിജോയ് ആണ്.
വാതിക്കല് വെള്ളരിപ്രാവ്…
മരണം കവർന്നിട്ടും സംഗീതത്തിന്റെ മരിക്കാത്ത ഓർമ്മകൾ ബാക്കിവെച്ചുകൊണ്ട് യാത്രയായ സൂഫിയെപ്പോലെ സംവിധായകൻ ഷാനവാസും യാത്രയായപ്പോൾ, അദ്ദേഹത്തിന്റെ അവസാന ചിത്രവും അതിലെ ഗാനങ്ങളും പ്രേക്ഷക ഹൃദയങ്ങളിൽ ആഴത്തിൽ പതിഞ്ഞുകഴിഞ്ഞിരുന്നു…സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതിക്കല് വെള്ളരിപ്രാവ് എന്ന ഗാനം ഏറെ പ്രേക്ഷക പ്രീതി നേടിയതാണ്. വരികൾക്കും താളത്തിനുമൊപ്പം ദൃശ്യംഭംഗിയിലും മികച്ചുനിൽക്കുന്നു ഈ ഗാനം. എം ജയചന്ദ്രനാണ് മനോഹരമായ ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. അര്ജുന് കൃഷ്ണ, നിത്യ മാമ്മന്‍, സിയ ഉല് ഹഖ് എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. ചിത്രത്തിലെ തന്നെ ‘അൽഹം ദുലില്ലാ’ എന്നു തുടങ്ങുന്ന ഗാനവും ശ്രദ്ധേയമായിരുന്നു.
കണ്ണേ കണ്ണേ വീസാതേ…
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ ‘ഷൈലോക്ക്’ എന്ന ചിത്രത്തിലെ ‘കണ്ണേ കണ്ണേ വീസാതേ’ എന്ന ഗാനം പ്രേക്ഷക പ്രീതി നേടിയ 2020 ലെ ഗാനങ്ങളിൽ ഒന്നാണ്. ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത അശോക്, നാരായണി ഗോപന്, നന്ദ ജെ ദേവന് എന്നിവർ ചേർന്നാണ്.
കടുകുമണിക്കൊരു കണ്ണുണ്ട്…
സുന്ദരമായ പ്രണയത്തിൽ തുടങ്ങി അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ നവാഗത സംവിധായകൻ മുഹമ്മദ് മുസ്തഫ ഒരുക്കിയ ‘കപ്പേള’ എന്ന ചിത്രം ഈ വർഷത്തെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്. ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷക പ്രീതിനേടിയിരുന്നു. സുഷിന് ശ്യാം സംഗീത സംവിധാനം നിർവഹിച്ച ‘കടുകുമണിക്കൊരു കണ്ണുണ്ട്’ എന്ന ഗാനം അക്കൂട്ടത്തിൽ ഒന്നാണ്. സിത്താര കൃഷ്ണകുമാർ ആലപിച്ച ഗാനത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നത് വിഷ്ണു ശോഭനയാണ്.
കിം കിം കിം…
സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയ ട്രെൻഡിങ്ങിൽ ഇടംനേടിയ ഗാനമാണ് ‘ജാക്ക് ആൻഡ് ജിൽ’ എന്ന ചിത്രത്തിലെ കിം കിം കിം പാട്ട്. കേൾവിക്കാർക്ക് ആസ്വാദനത്തിന്റ വേറിട്ട ഭാവങ്ങൾ സമ്മാനിച്ചുകൊണ്ടാണ് കിം കിം കിം പാട്ട് എത്തിയത്. പ്രേക്ഷക പ്രിയങ്കരിയായ മഞ്ജു വാര്യരുടെ ശബ്ദത്തിലാണ് മലയാളികൾ ഈ പാട്ട് ആസ്വദിച്ചത്. പാട്ടിന് പിന്നാലെ ഈ പാട്ടിനുള്ള നൃത്തവും, കിം കിം ഡാൻസ് ചലഞ്ചും സോഷ്യൽ മീഡിയയിൽ ഹിറ്റായി. ബി കെ ഹരിനാരയണന്റേതാണ് കിം കിം ഗാനത്തിലെ വരികള്‍. റാം സുരേന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.
സോഷ്യൽ ഇടങ്ങളിൽ ഹിറ്റായി മാറിയ ഈ ഗാനത്തിന് പ്രചോദനമായ മറ്റൊരു പാട്ടുണ്ട് മലയാള സിനിമാലോകത്ത്. നാടകവേദികളിൽ നിന്നും സിനിമ ലോകത്തേക്ക് ഒഴുകിയെത്തിയ ഗാനം. പിന്നണി ഗായകനായ വൈക്കം എം പി. മണിയുടെ ശബ്ദത്തിലാണ് ‘കാന്താ തൂകുന്നു തൂമണം’ എന്ന ഗാനം ആദ്യമായി പാട്ട് പ്രേമികൾ കേട്ടത്. അരവിന്ദൻ സംവിധാനം ചെയ്ത ‘ഒരിടത്ത്’ എന്ന സിനിമയിലേതായിരുന്നു ‘കാന്താ തൂകുന്നു തൂമണം…’എന്ന ഗാനം.
Story Highlights:Best malayalam songs of 2020