നീലശോഭയില്‍ ഗോവന്‍ കടല്‍ത്തീരങ്ങള്‍; ശ്രദ്ധനേടി ചിത്രങ്ങള്‍

December 14, 2020
Bio-Luminescence in Goa Photos

ശ്യാം പുഷ്‌കര്‍ സംവിധാനം നിര്‍വ്വഹിച്ച ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി അവതരിപ്പിച്ച ബോണി എന്ന കഥാപാത്രം കൂട്ടുകാരിയേയുംകൂട്ടി കവര് പൂത്തുകിടക്കുന്നത് കാണാന്‍ പോയത് ഓര്‍മ്മയില്ലേ… കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും മനോഹരമായി കവര് പൂത്തു കിടക്കുന്ന ചില കടലോരങ്ങളുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. നിലശോഭയില്‍ നിറഞ്ഞു നില്‍ക്കുന്ന കടല്‍ത്തീരങ്ങളാണ് ചിത്രങ്ങളില്‍. ശരിക്കും എന്താണ് ഈ കവര്…?

ബയോലൂമിനസെന്‍സ് എന്നാണ് ഈ പ്രതിഭാസത്തിന്റെ പേര്. കടലും കായലും കൂടിച്ചേരുന്ന ഇടങ്ങളിലാണ് സാധാരണയായി ഈ പ്രതിഭാസം കാണപ്പെടുന്നത്. ബയോലൂമിനസെന്‍സ് പ്രതിഭാസത്തെ ‘തണുത്ത വെളിച്ചം’ എന്നും വിശേഷിപ്പിക്കാറുണ്ട്. ബാക്ടീരിയ, ആല്‍ഗ, ഫംഗസ് എന്നിവ പോലുള്ള സൂഷ്മ ജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ബയോലൂമിനസെന്‍സ്. ഇതേ പ്രതിഭാസം തന്നെയാണ് ചെങ്കടലിന്റെ ചുവപ്പ് നിറത്തിനും കാരണം.

ചിലയിനം ജെല്ലി ഫിഷുകള്‍, ചില മത്സ്യങ്ങള്‍ എന്നിവയ്ക്കും ഇത്തരത്തില്‍ പ്രകാശം പുറത്തുവിടാനുള്ള കഴിവുണ്ട്. ശത്രുക്കളില്‍ നിന്നും രക്ഷ നേടാനും ഇണയെയും ഇരയെയുമൊക്കെ ആകര്‍ഷിക്കാനും സൂഷ്മ ജീവികള്‍ ഈ വെളിച്ചം ഉപയോഗപ്പെടുത്താറുണ്ട്.

Story highlights: Bio-Luminescence in Goa Photos