‘നേരും നെറിവും നിറവുമുള്ള നന്ദി, എന്റെ ജീവിതത്തെ കളറാക്കിയതിൽ വലിയൊരു പങ്കുണ്ട് ഈ പടത്തിന്’- ബെസ്റ്റ് ആക്ടർ ഓർമ്മകൾ പങ്കുവെച്ച് ബിപിൻ ചന്ദ്രൻ

December 10, 2020

ഫാഷൻ ഫോട്ടോഗ്രാഫറായ മാർട്ടിൻ പ്രക്കാട്ടിന്റെ സംവിധാനത്തിൽ 2010ൽ പുറത്തിറങ്ങിയ ചിത്രമാണ് ബെസ്റ്റ് ആക്ടർ. ബിഗ് സ്ക്രീനിന്റെ ബാനറിൽ നൗഷാദ് നിർമിച്ച ചിത്രത്തിന്റെ രചന ബിപിൻ ചന്ദ്രനായിരുന്നു. നടനാകാൻ കൊതിച്ചുനടക്കുന്ന അധ്യാപകന്റെ വേഷത്തിൽ മമ്മൂട്ടി എത്തിയ ചിത്രം റിലീസ് ചെയ്തിട്ട് പത്തുവർഷം പൂർത്തിയാകുമ്പോൾ തന്റെ ജീവിതത്തിലെ വഴിത്തിരിവിനെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ബിപിൻ ചന്ദ്രൻ.

ബിപിൻ ചന്ദ്രന്റെ കുറിപ്പ്;

ഐറ്റം പുറത്തു വന്നിട്ട് ഇന്ന് പത്തുവർഷമായി!!!
ഓർമ്മകൾ എല്ലാം കൂടി ഇരച്ചു കുത്തി വന്ന് ഐറ്റം ഡാൻസ് കളിക്കുന്നു. ഇത് ഉണ്ടായി വന്ന സമയത്തെ കഥകളെല്ലാം കൂടി ചേർത്തുവച്ചാൽ രസമുള്ള ഒരു പുസ്തകം ഉണ്ടാക്കാം. ഇതു വലിയ വിശ്വസിനിമയൊന്നുമല്ല എന്നറിയാം.ഒരുപാട് പേർക്ക് ഈ സിനിമയോട് എതിരഭിപ്രായം ഉണ്ട് താനും. എന്നാലും ഈ പടം കണ്ടിറങ്ങുമ്പോ സവിത തീയേറ്ററിന്റെ പടിക്കൽ വച്ച് നാട്ടുകാരു മൊത്തം നോക്കി നിൽക്കുമ്പം പെമ്പ്രന്നോത്തി തന്ന ഒരു ഉമ്മ ഉണ്ട്. അതിൽ കൂടിയ അവാർഡ് ഒന്നും ഇതിൻറെ എഴുത്തിന് കിട്ടാനില്ലായിരുന്നു.

ഇപ്പോഴും ബെസ്റ്റ് ആക്ടർ എഴുതിയതിന്റെ പേരിലുള്ള സ്നേഹം ഒരുപാട് സിനിമാപ്രേമികളിൽ നിന്ന് പലിശയും കൂട്ടുപലിശയും ചേർത്ത് കിട്ടിക്കൊണ്ടേയിരിക്കുന്നു എനിക്ക്. ഒത്തിരി ഒത്തിരി ഒത്തിരി നന്ദി. മമ്മൂക്കയ്ക്ക്, മാർട്ടിന്, കൂടെ നിന്ന മനസ്സുകൾക്ക്, പടത്തെ നെഞ്ചേറ്റിയ മലയാളി പ്രേക്ഷകർക്ക്.
തൽക്കാലം നന്ദി മാത്രമേ ഉള്ളൂ സാർ കയ്യിൽ.
“പുഞ്ചിരി ഹാ !കുലീനമാം കള്ളം
നെഞ്ചു കീറി ഞാൻ നേരിനെ കാട്ടാം.”
എന്ന് കവി പാടിയിട്ടുണ്ട്. ഇത് ആ സൈസ് നന്ദിയാണ് സാർ. നേരും നെറിവും നിറവുമുള്ള നന്ദി. എന്റെ ജീവിതത്തെ കളറാക്കിയതിൽ വലിയൊരു പങ്കുണ്ട് ഈ പടത്തിന് . ഇത്തരം സൗഭാഗ്യങ്ങൾക്ക് ചത്തു തീരുവോളം നന്ദിയുള്ളവനായിരിക്കുക എന്ന ഒറ്റ ആഗ്രഹമേ ഉള്ളൂ മനസ്സിൽ.
പ്രത്യുപകാരം മറക്കുന്ന പൂരുഷൻ
ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും.
ചങ്കുകളായ മനുഷ്യരേ ,
ഒരിക്കൽക്കൂടി നന്ദി.

Story highlights- bipin chandran about best actor movie