ആസ്വാദകഹൃദങ്ങൾ കീഴടക്കാൻ ‘ബ്ലാക്ക് കോഫി’യിലെ ഗാനം

December 24, 2020

മലയാളികളുടെ ഇഷ്ടചിത്രം സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ താരങ്ങൾ ബ്ലാക്ക് കോഫിയിലൂടെ വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.  സാള്‍ട്ട് ആന്‍ഡ് പെപ്പറില്‍ കുക്ക് ബാബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജാണ് ബ്ലാക്ക് കോഫിയുടെ സംവിധാനം. ബ്ലാക്ക് കോഫി; ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ബാബുരാജ് തന്നെയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറുമടക്കം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരുക്കുകയാണ് അണിയറപ്രവർത്തകർ. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ബിജിബാൽ ആണ് സംഗീതം നൽകിയിരിക്കുന്നത്.

ലാല്‍, ശ്വേത മേനോന്‍, രചന നാരായണന്‍കുട്ടി, ഓവിയ, ലെന, മൈഥിലി, ഓര്‍മ തുടങ്ങിയവർ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആഷിഖ് അബു ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ട്. കാളിദാസനുമായി തെറ്റിയ കുക്ക് ബാബു നാല് പെണ്‍കുട്ടികളുള്ള ഫ്‌ളാറ്റിൽ പാചകക്കാരനായെത്തുന്നതും തുടര്‍ന്ന് അരങ്ങേറുന്ന രസകരമായ  സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

Read also:‘ഡിസംബർ 23, ഞാൻ എന്നും വിലമതിക്കുന്ന ഒരു തീയതി’- ഓർമ്മകൾ പങ്കുവെച്ച് സുരേഷ് ഗോപി

2011-ൽ തിയേറ്ററിൽ എത്തിയ ആഷിക് അബു ചിത്രമാണ് സാൾട്ട് ആന്‍ഡ് പെപ്പര്‍. 2011 ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്‌കാരവും ഈ ചിത്രം നേടിയിരുന്നു. ലാല്‍, ശ്വേത മേനോന്‍, ആസിഫ് അലി, മൈഥിലി, കല്പന, ബാബു രാജ്, വിജയ രാഘവന്‍ എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

Story Highlights:Black coffee song released