വധുവിന് കൊവിഡ് ബാധിച്ചു; വ്യത്യസ്ത രീതിയിൽ വിവാഹം ആഘോഷിച്ച് ദമ്പതികൾ, ചിത്രങ്ങൾ
കൊറോണ വൈറസ് സൃഷ്ടിച്ച പ്രതിസന്ധിയെത്തുടർന്ന് നിരവധി വിവാഹങ്ങളാണ് മാറ്റിവെച്ചത്. ലോക്ക് ഡൗണ്‍ കാലത്ത് വിവാഹം മാറ്റിവെച്ചും വളരെ കുറച്ച് ആളുകളെ പങ്കെടുപ്പിച്ച് ചടങ്ങുകള്‍ മാത്രം നടത്തിയുമൊക്കെ പലരും നമുക്കിടയില്‍ മാതൃകയായി. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ് കൊവിഡ് കാലത്തെ ഒരു വ്യത്യസ്തമായ വിവാഹം. വിവാഹത്തിന് മൂന്ന് ദിവസം മുൻപ് വധുവിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് വ്യത്യസ്തമായ രീതിയിൽ യുവാവും യുവതിയും വിവാഹിതരായത്.
വധുവിന് കൊവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് വിവാഹം മാറ്റിവയ്ക്കുന്നതിന് പകരം വളരെ ലളിതമായി വിവാഹ ചടങ്ങുകൾ നടത്താൻ തീരുമാനിക്കുകയായിരുന്നു. വളരെ സുരക്ഷിതമായി തന്നെയാണ് വിവാഹത്തിന്റെ ചടങ്ങുകൾ ബന്ധുക്കൾ നടത്തിയത്. വിവാഹ വസ്ത്രങ്ങൾ ധരിച്ച വധുവും വരനും ഇരുനിലകളിലായി നിന്നുകൊണ്ടാണ് വിവാഹത്തിന്റെ ചടങ്ങുകൾ പൂർത്തിയാക്കിയത്.
ഫോട്ടോഗ്രാഫറായ ജെസിക്ക ജാക്സണാണ് നവദമ്പതികളുടെ ചിത്രങ്ങള്‍ അടക്കം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. വരൻ വീടിന്റെ ആദ്യ നിലയിലും വധു രണ്ടാമത്തെ നിലയിലുമായി നിന്നാണ് വിവാഹ ചടങ്ങുകൾ നടത്തിയത്. വധുവിനേയും വരനേയും ചേർത്തുനിർത്തുന്നതിനായി ഒരു ചരടും ചേർത്ത് കെട്ടിയിട്ടുണ്ട്. ഇരുവരുടെയും വ്യത്യസ്തമായ വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവെച്ചതോടെ മികച്ച പ്രതികരണങ്ങളാണ് ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
Story Highlights: bride tests positive for corona virus gets married