ബുറേവി ചുഴലിക്കാറ്റ്; കേരളത്തിലെ ഏഴുജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത
വരുന്ന മൂന്നു മണിക്കൂറിൽ കേരളത്തിലെ ഏഴുജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഇതിനിടെ ബുറേവി ചുഴലിക്കാറ്റിന്റെ തീവ്രത കുറയാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. പുലർച്ചെ പുറത്തുവിട്ട ജാഗ്രതാ നിർദേശത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയിലാകും കാറ്റ് കേരളത്തിലേക്ക് കടക്കുക. ബുധനാഴ്ച രാത്രി ശ്രീലങ്കയുടെ കിഴക്കൻ തീരത്ത് ആഞ്ഞടിച്ച ബുറേവി ചുഴലിക്കാറ്റ് വ്യാപകനാശത്തിനിടയാക്കിയിട്ടുണ്ട്. കെട്ടിടങ്ങൾ തകരുകയും വൈദ്യുത ബന്ധങ്ങൾ തകരാറിലാകുകയും ചെയ്തു. ശ്രീലങ്കൻ തീരം വിട്ട ചുഴലിക്കാറ്റ് നിലവിൽ ഗൾഫ് ഓഫ് മാന്നാറിലേക്ക് കടന്നിരിക്കുകയാണ്.ഉച്ചയോടെ കന്യാകുമാരിക്കും പാമ്പനും ഇടയിൽ തീരം തൊടാനാണ് സാധ്യത.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ് അനുസരിച്ച് ഡിസംബര്‍ നാലിന് ബുറേവി ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമർദമായി കേരളത്തിൽ പ്രവേശിക്കും. അതുവരെ കനത്ത ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്.
Story highlights- burevi to hit kerala soon