കാഴ്ചശക്തി നഷ്ടപ്പെട്ട അച്ഛനും അമ്മയും വഴിയോര കാഴ്ചകൾ കണ്ടു രസിക്കട്ടെയെന്നുകരുതി അവരെ തെരുവിൽ ഉപേക്ഷിച്ച മക്കൾ; കുറിപ്പ്
അച്ഛനും അമ്മയും മക്കളും കൊച്ചുമക്കളുമൊക്കെയായി വലിയ കുടുംബമായി താമസിക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ എല്ലാവരും അണുകുടുംബങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ക്ലേശം അനുഭവിക്കുന്നത് വാർദ്ധക്യം ബാധിച്ച ,മാതാപിതാക്കളാണ്. പലർക്കും മാതാപിതാക്കൾ ഒരു ബാധ്യത ആകുന്ന വാർത്തകളും ഇപ്പോൾ മാധ്യമങ്ങളിൽ കാണാറുണ്ട്.വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുന്നവരെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ഡോക്ടർ അനുജ ജോസഫിന്റെ കുറിപ്പ് വായിക്കാം.
‘വീട്ടിലെ പട്ടിക്കു പോലും തങ്ങളെക്കാളുമേറേ പരിഗണന കിട്ടുന്നുണ്ടെന്നു ഏതേലും വൃദ്ധമാതാപിതാക്കൾ പറയുന്നുണ്ടേൽ അതു ശരിവയ്ക്കുന്ന വിധമാണ് അടുത്തിടെ നടന്ന പല ദാരുണ സംഭവങ്ങളും. വാർധക്യ മാതാപിതാക്കളെ തെരുവിൽ തനിച്ചാക്കി കടന്നു കളയുന്ന മക്കൾക്കെതിരെ പ്രതികരിക്കാൻ വല്യ മടിയാണ്. ഓ അതിപ്പോ ഇത്ര വല്യ സംഭവമാക്കാൻ എന്നാ ഇരിക്കുന്നു. Old man/lady, poor people, fate, കഴിഞ്ഞു.
ഇടയ്ക്കൊക്കെ മനുഷ്യ സ്നേഹം ആകാട്ടോ, കുറച്ചു ദിവസങ്ങൾക്കു മുൻപ് നായക്കു മേൽ ഉടമസ്ഥൻ നടത്തിയ ക്രൂരതക്കെതിരെ ശബ്ദം ഉയർത്തിയവരെ കണ്ടപ്പോൾ സന്തോഷം തോന്നി, പ്രതികരണ ശേഷി നഷ്ടപ്പെടാത്ത കുറച്ചു പേരെങ്കിലും ഉണ്ടല്ലോന്നുള്ള ആശ്വാസം. എന്നാൽ വർഷങ്ങൾ തങ്ങളെ പോറ്റിയ കരങ്ങളെ, മാതാപിതാക്കളെ തെരുവിൽ വലിച്ചെറിയുന്ന മക്കൾക്കെതിരെ ആർക്കും ഒരു രോഷവുമില്ല. കണ്ടില്ലാന്നു നടിച്ചങ്ങു പോകുക, അത്ര മാത്രം. കൊല്ലത്തു, അധ്യാപികയായ മകൾ സുഖമില്ലാത്ത അച്ഛനെയെയും അമ്മയെയും തെരുവിൽ ഉപേക്ഷിച്ചിട്ടു കടന്നു കളഞ്ഞത് ഈ അടുത്തിടെയാണ്, മഴയത്തു റോഡരുകിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ആ മാതാപിതാക്കളുടെ മുഖവും വേദന നിറയ്ക്കുന്നതാണ്. കാഴ്ച ശക്തി നഷ്ടപ്പെട്ട ആ അച്ഛനും അമ്മയും വഴിയോര കാഴ്ചകൾ കണ്ടു രസിക്കട്ടെ എന്നു കരുതി അവരെ തെരുവിൽ ആക്കിയിട്ടു പോയതെന്നും, പിന്നാലെ ബസിൽ കയറി അവര് തിരിച്ചു വരുമെന്നുമൊക്കെ വിചാരിച്ച അവരുടെ മകളെ തെറ്റു പറയാനാകുമോ, ആർക്കുണ്ടാകും ഇത്രയും വിശാല മനസ്സ്, സത്യത്തിൽ ഇവരെയൊക്കെ പോലുള്ളവരെ ശിക്ഷിക്കാൻ നിയമം മാറ്റിയെഴുതേണ്ടിയിരിക്കുന്നു.
കൊവിഡ് ആയോണ്ട് അപ്പൻ ഔട്ട്, ചികിത്സ കഴിഞ്ഞിട്ടും വേണ്ടന്നെ, ഇനിയിപ്പോൾ അപ്പൻ പുറത്തെ കാഴ്ചകൾ കണ്ടു നടക്കട്ടെ, പിന്നല്ലാതെ! 78കാരനായ പിതാവിനെ കൊവിഡ് ഭേദപ്പെട്ടതിനെ തുടർന്നു ഏറ്റെടുക്കാൻ വിസമ്മതിച്ചു മക്കൾ, അതും നമ്മുടെ കേരളത്തില്. കൊറോണയെക്കാളും വല്യ വൈറസുകളുടെ ഇടയിൽ നിന്നും രക്ഷപെട്ടല്ലോ ആ പാവം അച്ഛൻ. മകന്റെ മർദ്ദനത്തിൽ മരണപ്പെട്ട വെളിയമംഗലത്തെ ഹംസയെന്ന പിതാവ്,ഇവരൊക്കെ സംസ്കാരം കൂടിപ്പോയെന്നവകാശപ്പെടുന്ന ഒരു തലമുറയുടെ തെണ്ടിത്തരത്തിനു ഇരകളാണ്. ഇവർക്കൊക്കെ കൊടുക്കാവുന്ന പരമാവധി ശിക്ഷ നടപ്പിലാക്കാൻ ഒട്ടും അമാന്തിക്കരുത്. “ടീച്ചറെ നിങ്ങള് പറയുന്ന പോലല്ല കാര്യങ്ങൾ, ഫുൾ കച്ചറയാണ് വീട്ടിൽ, വൃത്തിയില്ല, അനുസരണയില്ല, ഞങ്ങൾ അങ്ങു അനുഭവിക്കുവാണ് “അടുത്തിടെ അമ്മായിയമ്മയെ കുറിച്ചു മരുമകൾ പങ്കു വച്ചതാണ്.
മക്കളെ മനസിലാക്കുകയും തിരിച്ചു മാതാപിതാക്കളെ മനസിലാക്കുകയും ചെയ്യുന്ന മക്കളും ഇല്ലാതില്ല. എന്നാൽ ഒരു ചെറിയ ശതമാനം അങ്ങനെ അല്ല താനും, അതിനർത്ഥം വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിക്കുകയെന്നല്ല. മക്കളായ നമ്മളോരോരുത്തരെയും കുറവ് നോക്കിയല്ല അവർ വളർത്തിയിട്ടുണ്ടാവുക, അവരുടെ ആവശ്യങ്ങൾ മാറ്റി വച്ചു നമുക്ക് വേണ്ടി ജീവിച്ചവരാകാം. അവരീ ഭൂമിയിൽ ആയിരിക്കുന്നേടത്തോളം കാലം അവരെ സ്നേഹിക്കാൻ മടി കാണിക്കരുത്. പറയാറില്ലേ കണ്ണിരിക്കുമ്പോൾ കണ്ണിന്റെ വില തിരിച്ചറിയാറില്ല പലരും. കുറച്ചു നാൾക്ക് മുൻപ് മകൻ മദ്യപിച്ചു വന്നു പൊതിരെ തല്ലിയിട്ടും തനിക്കു പരാതിയില്ലെന്നു പറഞ്ഞ അമ്മയെ ഓർമ വരുന്നു. വാർദ്ധക്യം ഒരു ശാപമല്ല, ഏറ്റവും സ്നേഹിക്കപ്പെടേണ്ട, കരുതേണ്ടുന്ന കാലമാണ്.
ഇനിയിപ്പോൾ വിദേശത്താണെങ്കിൽ കൂടിയും അമ്മച്ചിയോടും ചാച്ചനോടുമൊക്കെ ഇടയ്ക്കൊക്കെ വിളിച്ചു സുഖവിവരങ്ങൾ തിരക്കാൻ ബുദ്ധിമുട്ട് കരുതണ്ട, നമുക്ക് നിസാരമെന്നു തോന്നുന്നത് മറ്റുള്ളവർക്ക് ആശ്വാസം നൽകുമെങ്കിൽ അതല്ലേ നല്ലത്. ദയവു ചെയ്താരും നികൃഷ്ടമായി മാതാപിതാക്കളെ തല്ലരുതേ, അവരുടെ കണ്ണിൽ നിന്നും വീഴുന്ന, ഹൃദയത്തിന്റെ ആ പിടച്ചിലിന് എന്തു കൊണ്ടു നിങ്ങൾ പ്രായശ്ചിത്തം ചെയ്യും. അടുത്തിടെ ഏറെ കാണാനിടയായത് മാതാപിതാക്കളെ തല്ലുന്ന മക്കളെയാണ്, അവരെ തെരുവിൽ ഉപേക്ഷിക്കുന്ന മക്കളെയാണ്അരുതേ, ജീവിതസായാഹ്നത്തിൽ അവരോടെന്തിനീ ക്രൂരത.’
വീട്ടിലെ പട്ടിക്കു പോലും തങ്ങളെക്കാളുമേറേ പരിഗണന കിട്ടുന്നുണ്ടെന്നു ഏതേലും വൃദ്ധമാതാപിതാക്കൾ പറയുന്നുണ്ടേൽ അതു …
Posted by DrAnuja Joseph on Wednesday, December 16, 2020
Story highlights Caring For Aging Parents In Today’s life