പുതുവര്‍ഷ ആഘോഷങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കണമെന്ന് കേന്ദ്ര നിര്‍ദ്ദേശം

December 30, 2020
Centre Asks States To Consider Restrictions For New Year Celebrations

പുതുവര്‍ഷത്തിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികളില്‍ ആള്‍തിരക്ക് കുറയ്ക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. രാജ്യത്ത് അതിവ്യാപനശേഷിയുള്ള കൊറോണ വൈറസിന്റെ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്. പ്രതിരോധ മാര്‍ഗങ്ങളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അന്തിമ തീരുമാനം എടുക്കാമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഓരോ സംസ്ഥാനങ്ങളിലേയും നിലവിലുള്ള സാഹചര്യങ്ങളും സ്ഥിതിഗതികളും കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. ആവശ്യമെങ്കില്‍ രാത്രികാല കര്‍ഫ്യു ഉള്‍പ്പെടെ പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം കൊറോണ വൈറസിന്റെ വകഭേദം ബ്രിട്ടനില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യങ്ങളില്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ജനുവരി ഏഴ് വരെ നീട്ടി. യുകെയില്‍ നിന്നും ഇന്ത്യയിലേയ്ക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം യുകെയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ജനിതകമാറ്റം വന്ന കൊവിഡ് ഇന്ത്യയില്‍ 20 പേര്‍ക്ക് ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.

Story highlights: Centre Asks States To Consider Restrictions For New Year Celebrations