ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചു; സൗജന്യ കിറ്റ് വിതരണം തുടരുമെന്നും മുഖ്യമന്ത്രി
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ചു. 100 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതുപ്രകാരം ജനുവരി ഒന്നു മുതല്‍ 1500 രൂപ ക്ഷേമ പെന്‍ഷന്‍ ലഭ്യമാക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാരിന്റെ രണ്ടാം ഘട്ട നൂറു ദിന കര്‍മ്മപദ്ധതി പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി.
രണ്ടാം ഘട്ട നൂറുദിന പരിപാടി ഡിസംബര്‍ ഒമ്പത് മുതല്‍ ആരംഭിച്ചുവെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിന്നതിനാലാണ് പ്രഖ്യാപനം വൈകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം ഘടത്തില്‍ പതിനായിരം കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയോ പൂര്‍ത്തിയാക്കുകയോ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം അടുത്ത നാല് മാസംകൂടി റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനുപുറമെ രണ്ടാം ഘട്ട നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 50,000 പേര്‍ക്ക് തൊഴില്‍ നല്‍കും. 20 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍മാര്‍ക്കറ്റുകളായി ഉയര്‍ത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Story highlights: CM Pinarayi Vijayan announces the second phase of the 100-day program