മാസ്റ്റര്‍; തിയേറ്റര്‍ റിലീസിന് അഭിനന്ദനവുമായി ധനുഷ്

December 30, 2020
Master release date January 13

വിജയ് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മാസ്റ്റര്‍. ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും എത്തുന്നുവെന്നതാണ് മറ്റൊരു ആകര്‍ഷണം. ജനുവരി 13 മുതല്‍ ചിത്രം പ്രേക്ഷകരിലേക്കെത്തും. തിയേറ്ററുകളിലായിരിക്കും ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തിയേറ്റര്‍ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

മാസ്റ്റര്‍ തിയേറ്റര്‍ റിലീസിന് ഒരുങ്ങുമ്പോള്‍ അഭിനന്ദനം അറിയിച്ചിരിക്കുകയാണ് ധനുഷ്. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന പ്രഖ്യാപനം സിനിമാപ്രേമികള്‍ക്ക് സന്തോഷം പകരുന്നതാണെന്ന് ധനുഷ് ട്വിറ്ററില്‍ കുറിച്ചു. അതോടൊപ്പം കൊവിഡ് 19 ന് എതിരെ ആവശ്യമായ എല്ലാവിധ മുന്‍കരുതലുകളും സ്വീകാരിച്ചുകൊണ്ടുവേണം തിയേറ്ററുകളില്‍ പോയി ചിത്രം ആസ്വദിക്കാന്‍ എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

വിദ്യാഭ്യാസ രംഗത്തെ അഴിമതിയാണ് മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. കോളജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിജയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റര്‍.

മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെര്‍മിയ, അര്‍ജുന്‍ ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കൃഷ്ണന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അണിനിരക്കുന്നു. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. സത്യന്‍ സൂര്യനാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പോസ്റ്ററുകളും ടീസറും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

Story highlights: Dhanush about Master theatre release