സിനിമാ മോഹവുമായെത്തിയ ആ ചെറുപ്പക്കാരന് ഇന്ന് മലയാളികളുടെ ഇഷ്ടനായകന്; 32 വര്‍ഷം മുമ്പുള്ള ജയറാമിന്റെ അഭിമുഖ വീഡിയോ
‘സ്റ്റേജിലാണെങ്കിലും പുറത്താണെങ്കിലും ഏതൊരു കലാകാരന്റേയും അവസാന ലക്ഷ്യം സിനിമയയായിരിക്കും’ വര്‍ഷങ്ങള്‍ക്ക് മുമ്പ് ജയറാം ഇത് പറയുമ്പോള്‍ അദ്ദേഹം ഒരു സിനിമയില്‍ പോലും അഭിനയിച്ചിരുന്നില്ല. പക്ഷം അദ്ദേഹത്തിന്റെ മനസ്സു മുഴുവന്‍ സിനിമയായിരുന്നു. സിനിമ എന്ന സ്വപ്നം സാഫല്യമായതിന്റെ ചിരി ഇപ്പോഴും ആ മുഖത്തുണ്ട്…
ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ജയറാമിന്റെ ഒരു പഴയകാല അഭിമുഖ വീഡിയോ. 1988-ല്‍ കലാഭവന്‍ ട്രൂപ്പിനൊപ്പം ഖത്തറിലെത്തിയ ജയറാമുമായി ഏ വി എം ഉണ്ണി നടത്തിയ അഭിമുഖത്തിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഇന്ന് (ഡിസംബര്‍ 10) പിറന്നാള്‍ ആഘോഷിക്കുന്ന ജയറാമിന്റെ 32 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള അഭിമുഖ വീഡിയോ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നതും.
പ്രണയ-നര്‍മ ഭാവങ്ങളില്‍ പ്രേക്ഷകമനസ്സുകള്‍ കീഴടക്കിയ കുടുംബനായകനാണ് ജയറാം. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും താരം അതിന്റെ പരിപൂര്‍ണ്ണതയിലെത്തിക്കുന്നു. ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജയറാമിന്റെ ജനനം. കോളജ് പഠനകാലത്ത് മിമിക്രിയില്‍ നിറസാന്നിധ്യമായിരുന്നു താരം. കലാലയ വിദ്യാഭ്യാസത്തിനു ശേഷം കലാഭവന്റെ ഭാഗമായി. പത്മരാജന് സംവിധാനം നിര്‍വ്വഹിച്ച ‘അപരന്’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സനിമയിലേക്കുള്ള ജയറാമിന്റെ അരങ്ങേറ്റം. തുടര്‍ന്നങ്ങോട്ട് നിരവധി സിനിമകളില്‍ താരം തിളങ്ങി. ജയറാമിന്റെ കഥാപാത്രങ്ങളൊക്കെയും വെള്ളിത്തിരയില്‍ ശ്രദ്ധേയമായിട്ടുണ്ട്.
‘മൂന്നാംപക്കം’, ‘മഴവില്‍ക്കാവടി’, ‘വീണ്ടും ചില വീട്ടുകാര്യങ്ങള്‍’, ‘സന്ദേശം’, ‘മേലേപ്പറമ്പില്‍ ആണ്‍വീട്’, ‘മാളൂട്ടി’, ‘ഇരട്ടക്കുട്ടികളുടെ അച്ഛന്’, ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍’, ‘മനസിനക്കരെ’, ‘മയിലാട്ടം’, ‘മധുചന്ദ്രലേഖ’, ‘വെറുതെ ഒരു ഭാര്യ’, ‘നോവല്‍’, ‘സ്വപ്ന സഞ്ചാരി’, ‘പകര്‍ന്നാട്ടം’, ‘സീനിയേഴ്സ്’, ‘പഞ്ചവര്‍ണ്ണതത്ത’, ലോനപ്പന്റെ മാമോദീസ, മൈ ഗ്രേറ്റ് ഫാദര്‍, പട്ടാഭിരാമന്, മാര്‍ക്കോണി മത്തായി തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ജയറാം ചലച്ചിത്രലോകത്ത് നിറഞ്ഞുനില്ക്കുന്നു.
Story highlights: First Interview of Jayaram