ഓരോ പ്രായത്തിലും ഹൃദയത്തിനു നല്‍കാം അല്പം സ്പെഷ്യല്‍ കെയര്‍
മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. അതുകൊണ്ടുതന്നെ കൃത്യമായ പരിപാലനവും കരുതലും ഹൃദയത്തിന് ആവശ്യമാണ്. എന്നാല്‍ തിരക്കേറിയ ജീവിതസാഹചര്യത്തില്‍ പലരും വേണ്ടത്ര കരുതല്‍ ഹൃദയത്തിന് നല്‍കാറില്ല എന്നതാണ് വാസ്തവം. ഓരോ പ്രായത്തിലും ഹൃദയത്തെ സംരക്ഷിക്കാന്‍ എന്തെല്ലാം കാര്യമാണ് ശ്രദ്ധിക്കേണ്ടത് എന്നുനോക്കാം.
ഹൃദയത്തെ സംരക്ഷിക്കാന്‍ ഇരുപതാം വയസ്സില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കൗമാരത്തിലും യൗവ്വനത്തിലും നല്ല ശീലങ്ങള്‍ വാര്‍ത്തെടുത്താല്‍ ഭാവിയില്‍ ഹൃദയത്തിന്റെ ആരോഗ്യത്തെക്കുറിച്ചോര്‍ത്ത് പേടിക്കേണ്ടിവരില്ല. ആരോഗ്യകരമായ ജീവിതശൈലിയാണ് ഈ പ്രായത്തില്‍ സ്വീകരിക്കേണ്ടേത്. ഇതിനായി ധാരളം വെള്ളം കുടിക്കുക. ഫാസ്റ്റ് ഫുഡിന്റെ അളവ് കുറയ്ക്കുക. പഴങ്ങളും പച്ചക്കറികളുമെല്ലാം ഭക്ഷണക്രമത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ ശീലമാക്കുക. വ്യായാമം ജീവിത ശൈലിയുടെ ഭാഗമാക്കുക. മദ്യപാനം, പുകവലി, മയക്കമരുന്ന് ഉപയോഗം തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങള്‍ പരമാവധി ഒഴിവാക്കുക.
മുപ്പതു വയസ്സിനും നാല്‍പ്പതു വയസ്സിനുമിടയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉത്തരവാദിത്വങ്ങള്‍ കൂടുതലുള്ള പ്രായമാണെങ്കിലും ഈ കാലഘട്ടത്തിലും ഹൃദയത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. നല്ല ആരോഗ്യത്തിനായി ഇടയ്ക്കിടെ വൈദ്യസഹായം തേടുന്നതും നല്ലതാണ്. ഇത് കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്താന്‍ സഹായിക്കും. യോഗ പോലുള്ള വ്യായമങ്ങളിലൂടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കാം. എല്ലാ ദിവസവും കൃത്യമായ സമയം നല്ല ഉറക്കം ശീലമാക്കുക. അതുപോലെ ദിവസവും ഇരുപത് മുതല്‍ മുപ്പത് മിനിറ്റ് വരെ നടക്കാന്‍ ശ്രദ്ധിക്കുക. കൊഴുപ്പ് അമിതമായി അടങ്ങിയ റെഡ് മീറ്റുകളുടെ ഉപയോഗം കുറയ്ക്കുന്നതും നല്ലതാണ്. പഴങ്ങളും പച്ചക്കറികളും ധാരളാമായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. പുകവലിയും മദ്യപാനവും മയക്കുമരുന്നിന്റെ ഉപയോഗവും ഒഴിവാക്കുക.
50 വയസ്സിനു മുകളിലേക്കുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഈ പ്രായത്തിലാണ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാവാന്‍ കൂടുതല്‍ സാധ്യത. അതിനാല്‍ ആരോഗ്യകരമായ ജീവിതരീതി ശീലമാക്കുന്നതിലും ഈ പ്രായത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഇതിനായി അമിത ഭാരം ഉണ്ടാവാതെ നോക്കുക. ആരോഗ്യകരമായ ഭക്ഷണ ക്രമം ശീലമാക്കുക (ഹെല്‍ത്തി ഡയറ്റ്). ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമുള്ള വ്യായാമങ്ങള്‍ ശീലമാക്കുക. നന്നായി ഉറങ്ങുക. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുക. രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോള്‍ തുടങ്ങിയവ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുന്നതും നല്ലതാണ്.
Story highlights: Health care tips for healthy heart