ബുറെവി ചുഴലിക്കാറ്റ്; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത- ജാഗ്രതാ നിര്‍ദ്ദേശം
ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത. ഡിസംബര്‍ 2 ന് വൈകിട്ടോടെ ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം കടക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണം. ഡിസംബര്‍ മൂന്നോടുകൂടി കന്യാകുമാരി തീരത്തെത്താനുള്ള സാധ്യതയും പ്രവചിട്ടുണ്ട്.
പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശവും സംസ്ഥാനത്തിന് നല്‍കിയിട്ടുണ്ട്. മൂന്നാം തീയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കും പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്കിയിരിക്കുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായും നിരോധിച്ചിരിക്കുകയാണ്.
നവംബര്‍ 30 അര്‍ധരാത്രി മുതല്‍ നിലവില്‍ വന്ന വിലക്ക് എല്ലാതരം മല്‍സ്യബന്ധന യാനങ്ങള്‍ക്കും ബാധകമായിരിക്കും. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ അനുവദിക്കുന്നതല്ല.
ഡിസംബര്‍ 2 മുതല്‍ ഡിസംബര്‍ 4 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബര്‍ 3 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ആവശ്യമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Story highlights: Heavy Rain Alert In Kerala