ഫോറൻസിക് ബോളിവുഡിലേക്ക്; ടൊവിനോയുടെ വേഷത്തിൽ വിക്രാന്ത് മസേ
ടൊവിനോ തോമസ് നായകനായി എത്തി മികച്ച സ്വീകാര്യത നേടിയ ചിത്രമാണ് ഫോറൻസിക്. ഇപ്പോഴിതാ ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രത്തിൽ ടൊവിനോ തോമസ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വിക്രാന്ത് മസേയാണ്. ചിത്രത്തില്‍ സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഫോറന്‍സിക് സയന്‍സ് ലാബിലെ മെഡിക്കോ ലീഗല്‍ അഡ്വൈസര്‍ ആണ് സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍. മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ഫോറന്‍സിക് ഹിന്ദിയിലെത്തിക്കുന്നത്.
ഫോറൻസിക്കിൽ മംമ്താ മോഹന്‍ദാസും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അതേസമയം ചിത്രം ഹിന്ദിയിൽ എത്തിക്കുമ്പോൾ ഈ കഥാപാത്രത്തെ അവതരിപ്പിക്കുക ആരാകും എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. ഐപിഎസ് ഉദ്യോഗസ്ഥയായ റിതിക സേവ്യര്‍ ആയാണ് ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് എത്തുന്നത്.
അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നതും. നെവിസ് സേവ്യര്‍, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രം മലയാളത്തിൽ നിര്‍മിച്ചത്. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
സസ്‌പെന്‍സുകള്‍ നിറഞ്ഞ ത്രില്ലര്‍ ചിത്രത്തിന്റെ ബ്രില്യന്‍സിനെ പ്രശംസിച്ചുകൊണ്ട് നിരവധിപ്പേർ എത്തിയിരുന്നു. മികച്ച ഒരു കുറ്റാന്വേഷണ സിനിമയാണ് ‘ഫോറന്‍സിക്’.
Story Highlights: hindi remake of forensic movie