മെല്‍ബണില്‍ ഓസിസിനെ തകര്‍ത്ത് ഇന്ത്യ; രണ്ടാം ടെസ്റ്റില്‍ എട്ട് വിക്കറ്റ് വിജയം
കൊവിഡ് 19 എന്ന മഹാമാരിയുമായുള്ള പോരാട്ടത്തിലാണ് നാളുകളായി ലോകം. പ്രതിസന്ധികള്‍മൂലം ഗാലറികളില്‍ ആള്‍തിരക്ക് കുറഞ്ഞുവെങ്കിലും കായികാവേശം അലയടിക്കുകയാണ്. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിന്റെ ആവേശമാണ് ക്രിക്കറ്റ്‌ലോകത്ത് നിറയുന്നത്. രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ വിജയം നേടി.
എട്ടുവിക്കറ്റിനാണ് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തിയത്. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്കായിരുന്നു വിജയം. മെല്‍ബണില്‍ വെച്ചുനടന്ന രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ വിജയം ഇന്ത്യയ്‌ക്കൊപ്പമായി.
രണ്ടാം ഇന്നിങ്‌സില്‍ 70 റണ്‍സായിരുന്നു ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയ ഉയര്‍ത്തിയ വിജയലക്ഷ്യം. 15.5 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നു. അജിങ്ക്യ രഹാനെയാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത്. ശുഭ്മാന്‍ ഗില്ലിന്റെ 35 റണ്‍സും രഹാനെയുടെ 27 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് കരുത്തായി. ഇന്ത്യന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനവും ഓസ്‌ട്രേലിയയെ തളര്‍ത്തുകയായിരുന്നു.
അതേസമയം നാല് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയില്‍ അടങ്ങിയിരിക്കുന്നത്. ജനുവരി 7 മുതല്‍ 11 വരെ മൂന്നാം ടെസ്റ്റും ജനുവരി 15 മുതല്‍ 19 വരെ നാലാം ടെസ്റ്റും അരങ്ങേറും.
Story highlights: India vs Australia Second Test