അടിച്ചെടുത്തും എറിഞ്ഞു വീഴ്ത്തിയും ഇന്ത്യ; ഏകദിന പരമ്പരയില്‍ ആശ്വാസജയം

December 2, 2020
India Won Against Australia In Third ODI

ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയിച്ച് ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയെങ്കിലും മൂന്നാം അങ്കത്തില്‍ ആശ്വാസ ജയം നേടിയിരിക്കുകയാണ് ഇന്ത്യ. 13 റണ്‍സിനാണ് ഇന്ത്യ മൂന്നാം അങ്കത്തില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയത്.

ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 302 റണ്‍സ് അടിച്ചെടുത്തു. ഹര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. 76 പന്തില്‍ നിന്നുമായി ഹര്‍ദിക് പാണ്ഡ്യ 92 റണ്‍സ് അടിച്ചെടുത്തു. 50 പന്തില്‍ നിന്നുമായി ജഡേജ 66 റണ്‍സുമെടുത്തു. ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചപ്പോള്‍ പുറത്താകാതെ ഇവരായിരുന്നു ക്രീസിലും. ഇന്ത്യന്‍ നായകന്‍ വിരാട് കോലി അടിച്ചെടുത്ത 63 റണ്‍സും ടീം ഇന്ത്യയ്ക്ക് കരുത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ലക്ഷ്യം മറികടക്കാനായില്ല. 289 റണ്‍സെടുത്ത് താരങ്ങള്‍ കളം വിട്ടു. 82 പന്തില്‍ നിന്നുമായി 75 റണ്‍സ് നേടിയ അരോണ്‍ ഫിഞ്ച് ആണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ബൗളിങ്ങിലും മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചത്. ഷാര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ. ടി, നഡരാജന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തി. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ വീഴ്ത്തി.

Story highlights: India Won Against Australia In Third ODI