ചാന്ദ്ര യാത്രയ്ക്കുള്ള 18 അംഗ ടീമിൽ ഇടംനേടി ഇന്ത്യൻ വംശജനും
അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ചാന്ദ്ര യാത്രയ്ക്കുള്ള പട്ടികയിൽ ഇടംനേടി ഇന്ത്യൻ വംശജൻ രാജ ചാരിയും. നാസ തെരഞ്ഞെടുത്ത 18 അംഗ ടീമിലാണ് ഇന്ത്യൻ വംശജൻ രാജ ചാരിയും ഇടംനേടിയത്. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽവെച്ച് നടത്തിയ എട്ടാമത് ദേശീയ ബഹിരാകാശ കൗൺസൽ യോഗത്തിൽ വെച്ചാണ് ആർടെമിസ് ടീം രൂപീകരിക്കുന്നതിനും ചാന്ദ്ര യാത്രയ്ക്കുമുള്ള ടീമിനെ പരിചയപ്പെടുത്തിയത്.
യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് കഴിഞ്ഞ ബുധനാഴ്ചയാണ് പുതിയ ടീമിനെ പരിചയപ്പെടുത്തിയത്. ഇതോടെ 2024- ൽ ആദ്യത്തെ സ്ത്രീയേയും അടുത്ത പുരുഷനേയും ചാന്ദ്ര ഉപരിതലത്തിൽ ലാൻഡ് ചെയ്യിപ്പിക്കും എന്നാണ് മൈക്ക് പെൻസ് അറിയിച്ചത്. ആർടെമിസ് ടീമിലെ അംഗങ്ങൾ വ്യത്യസ്തങ്ങളായ പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ്.
ചാന്ദ്ര യാത്രയ്ക്കുള്ള പട്ടികയിൽ ഇടംനേടിയ രാജ ചാരി 2017 ലാണ് ബഹിരാകാശ സേനയിൽ ചേർന്നത്. യു എസ് വ്യോമസേനയിലെ കേണലായിരുന്ന ചാരി നാസയിൽ എത്തുന്നതിന് മുൻപ് എഫ് -15 ഇ നിർമാണത്തിലും പിന്നീട് എഫ്- 35 വികസന പദ്ധതികളിലും പ്രവർത്തിച്ചിട്ടുണ്ട്.
Read also:രവിവർമ്മ ചിത്രങ്ങളിലെ സുന്ദരിയായി രചന നാരായണൻകുട്ടി; ശ്രദ്ധനേടി ചിത്രങ്ങൾ
ജോസഫ് അകാബ, കെയ്ല ബാരൺ, മാത്യു ഡൊമിനിക്, വിക്ടർ ഗ്ലോവർ, വാറൻ ഹോബർഗ്, ജോണി കിം, ക്രിസ്റ്റീന ഹാമോക്ക് കോച്ച്, കെജെൽ ലിൻഡ്ഗ്രെൻ, നിക്കോൾ എ. മാൻ, ആൻ മക്ക്ലെയിൻ, ജെസീക്ക മെയർ, ജാസ്മിൻ മൊഗ്ബെലി, കേറ്റ് റൂബിൻസ്, ഫ്രാങ്ക് റൂബിയോ, സ്കോട്ട് ടിംഗിൾ, ജെസീക്ക വാറ്റ്കിൻസ്, സ്റ്റെഫാനി വിൽസൺ എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങൾ.
Story Highlights: Indian-American Raja Chari Picked by NASA for Artemis Moon Missions