വിടപറയാൻ ഒരുങ്ങി 2020; വേദനയായി വിടപറഞ്ഞവർ
നഷ്ടകണക്കുകൾ ഒരുപാട് പറയാൻ ഉണ്ട് 2020 ന്. കൊവിഡ് മഹാമാരിയിൽ പൊലിഞ്ഞ ജീവിതങ്ങളുടെ കണക്കുകളും, പ്രളയവും വിമാനദുരന്തവും ഏൽപ്പിച്ച ആഘാതത്തിന്റെ കണക്കുകളുമടക്കം വേദനയുടെ ഒരു വർഷക്കാലം. കലാമേഖലയ്ക്കും കായികമേഖലയ്ക്കുമടക്കം 2020 തീരാനഷ്ടങ്ങളാണ് നൽകിയത്. ഇന്ത്യൻ സിനിമയ്ക്കും 2020 വലിയ നഷ്ടങ്ങളാണ് നൽകിയത്.
2020 ൽ മരണം കവർന്ന ഇന്ത്യൻ സിനിമ താരങ്ങൾ…
സുശാന്ത് സിംഗ് രജ്പുത്
ഇന്ത്യൻ സിനിമ ലോകത്തെ മുഴുവൻ ഞെട്ടിച്ചുകൊണ്ടായിരുന്നു ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത് മരണത്തിന് കീഴടങ്ങിയത്. മുംബയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ടെലിവിഷൻ സീരിയലുകളിലൂടെ കരിയർ ആരംഭിച്ച സുശാന്ത് 2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന ‘എം. എസ്. ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ‘കായി പോ ചെ’ (2013) എന്ന നാടകചലച്ചിത്രത്തില്‍ മൂന്നു പുരുഷ കഥാപാത്രങ്ങളില്‍ ഒരാളായി അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടനുള്ള മൂന്നു അവാര്‍ഡുകളും ലഭിച്ചു. പിന്നീട് ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മരണത്തിന് ശേഷം റിലീസ് ചെയ്ത സുശാന്ത് സിങ് ചിത്രമാണ് ‘ദിൽ ബേചാര’.
ഇർഫാൻ ഖാൻ
കഴിഞ്ഞ ഏപ്രിൽ 29 നാണ് ഇർഫാൻ മരണത്തിന് കീഴടങ്ങിയത്. ബോളിവുഡ് സിനിമയെ ലോകത്തിന്റെ നിറുകയിൽ പ്രതിഷ്ഠിച്ച അസാമാന്യ പ്രതിഭയാണ് ഇർഫാൻ ഖാൻ. 1987 മുതലാണ് ഇർഫാൻ ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. ഒട്ടേറെ സീരിയലുകളിൽ ഭാഗമായ അദ്ദേഹത്തിന്റെ ചാണക്യയും ചന്ദ്രകാന്തയുമൊക്കെയാണ് പ്രധാനപ്പെട്ട സീരിയലുകൾ.
1988ൽ ‘സലാം ബോംബെ’ എന്ന ചിത്രത്തിലാണ് ഇർഫാൻ ആദ്യമായി അഭിനയിക്കുന്നത്. ഹിന്ദി സിനിമയിൽ മാത്രം ഒതുങ്ങി നിന്ന ഒരാളല്ല ഇർഫാൻ ഖാൻ. 2001ൽ ബ്രിട്ടീഷ് ചിത്രമായ ‘ദി വാരിയർ’ ലും ഇർഫാൻ ഖാൻ വേഷമിട്ടു. ഈ സിനിമയാണ് അന്താരാഷ്ട്ര വേദികളിൽ ഇർഫാൻ ഖാൻ ഒരു പരിചിത മുഖമായതിനു പിന്നിൽ.
2003 ൽ അശ്വിൻ കുമാർ സംവിധാനം ചെയ്ത ‘റോഡ് ടു ലഡാക്’ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധിക്കപെട്ടതോടെ ബോളിവുഡിൽ തന്റേതായ സ്ഥാനം ഒരുക്കാൻ ഇർഫാൻ ഖാന് കഴിഞ്ഞു. അതെ വർഷം തന്നെ അഭിനയിച്ച ‘മഖ്ബൂൽ’ എന്ന ചിത്രവും ഏറെ അംഗീകാരങ്ങൾ നേടിക്കൊടുത്തു. പക്ഷെ 2005 ലെ ‘റോഗ്’ എന്ന ചിത്രത്തിലൂടെയാണ് ഇർഫാൻ ഖാൻ ഒരു മുഴുനീള പ്രധാന വേഷത്തിൽ എത്തുന്നത്. ‘റോഗ്’ എന്ന ചിത്രം ഇർഫാൻ ഖാന്റെ തുടക്കമായിരുന്നു എന്ന് തന്നെ പറയാം. കാരണം ശബ്ദത്തേക്കാൾ ഉച്ചത്തിൽ ഇർഫാന്റെ കണ്ണുകൾ സംസാരിക്കുന്നത് ബോളിവുഡ് തിരിച്ചറിഞ്ഞത് ആ സിനിമയിലൂടെയാണ്.
30 വർഷത്തിലേറെ നീണ്ട സിനിമ ജീവിതത്തിൽ 50 ലധികം ഇന്ത്യൻ ചിത്രങ്ങളിലും ബ്രിട്ടീഷ്, അമേരിക്കൻ ചിത്രങ്ങളിലും ഭാഗമായ ഇർഫാൻ ഖാന് ദേശീയ ചലച്ചിത്ര അവാർഡും ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകിയും ഇർഫാൻ ഖാനെ ആദരിച്ചു.
ഋഷി കപൂർ
നടൻ, നിർമാതാവ്, സംവിധായകൻ തുടങ്ങിയ നിലകളില്ലെല്ലാം തന്റേതായ വ്യക്തിമുക്ത പതിപ്പിച്ച വ്യക്തിയാണ് ഋഷി കപൂർ. ദീർഘ കാലമായി അർബുദ ചികിത്സയിലായിരുന്ന അദ്ദേഹം ഏപ്രിൽ 30 നാണ് മരണത്തിന് കീഴടങ്ങിയത്. ബോളിവുഡ് നടൻ ഋഷി കപൂറിന്റെ മരണവാർത്തയും ഏറെ ഞെട്ടലോടെയാണ് സിനിമാലോകം കേട്ടറിഞ്ഞത്. 1980 കളിലെ താരമായിരുന്ന ഋഷി കപൂർ അർബുദത്തെത്തുടർന്നാണ് മരണത്തിന് കീഴടങ്ങിയത്.
Read also: 2020: മലയാള സിനിമയ്ക്ക് നഷ്ടമായ പ്രതിഭകൾ
ചിരഞ്ജീവി സർജ
സിനിമ ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു നടനും ചലച്ചിത്രതാരം മേഘ്ന രാജിന്റെ ഭർത്താവുമായ ചിരഞ്ജീവി സർജയുടെ വിയോഗം സിനിമാലോകം കേട്ടറിഞ്ഞത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കന്നഡയിൽ ഇരുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചിരഞ്ജീവി മരിക്കുമ്പോൾ ഭാര്യ മേഘ്ന മൂന്ന് മാസം ഗർഭിണിയായിരുന്നു. ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിടെയാണ് ചിരഞ്ജീവി മരണത്തിന് കീഴടങ്ങിയത്.
എസ്. പി. ബാലസുബ്രമണ്യം
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഗായകനും നടനും സംഗീത സംവിധായകനും നിർമാതാവുമാണ് എസ് പി ബാലസുബ്രഹ്മണ്യം. സെപ്റ്റംബർ 25 നാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. പത്മശ്രീയും പത്മഭൂഷണും അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആറ് ദേശീയ അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. കുട്ടിക്കാലം മുതൽക്കേ സംഗീതത്തിൽ താത്പര്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം ചലച്ചിത്ര പിന്നണിഗായക രംഗത്തേക്ക് ചുവടുവെച്ചത് 1966-ലെ ‘ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ’ എന്ന ചിത്രത്തിൽ പാടികൊണ്ടാണ്. അതിനു ശേഷം 39,000 ലധികം ഗാനങ്ങൾ പതിനൊന്നോളം ഇന്ത്യൻ ഭാഷകളിലായി അദ്ദേഹം പാടി. ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ പിന്നണി ഗായകനെന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സിലും അദ്ദേഹം ഇടം നേടി.
സൗമിത്ര ചാറ്റർജി
ഇന്ത്യൻ സിനിമയുടെ ഖ്യാതി അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്തിയവരിൽ പ്രമുഖനായ ബംഗാളി നടനാണ് സൗമിത്ര ചാറ്റർജി. നവംബർ പതിനഞ്ചിനാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. സത്യജിത് റേയ്ക്കൊപ്പമുളള ചിത്രങ്ങളിലൂടെയാണ് സൗമിത്ര ചാറ്റർജി പ്രസിദ്ധനായത്. ലെജിയൻ ഓഫ് ഹോണർ, ദാദാസാഹേബ് ഫാൽക്കെ അവാർഡ്, ബംഗാ ബിഭൂഷൻ, പത്മഭൂഷൺ, തുടങ്ങി നിരവധി ദേശീയ അവാർഡുകൾ സ്വന്തമാക്കിയ വ്യക്തിയാണ് സൗമിത്ര ചാറ്റർജി. ഒക്ടോബർ ആറിനാണ് കൊൽക്കത്തയിലെ ബെല്ലെ വ്യൂ ക്ലിനിക് ആശുപത്രിയിൽ സൗമിത്ര ചാറ്റർജിയെ പ്രവേശിപ്പിച്ചത്.
ബംഗാളിലെ ഏറ്റവും പ്രശസ്തനായ നടനായിരുന്നു സൗമിത്ര ചാറ്റർജി. സത്യജിത് റേ ചിത്രങ്ങളാണ് സൗമിത്ര ചാറ്റർജിയെ പ്രസിദ്ധനാക്കിയത്. ഇവർ ഒരുമിച്ച് 14 സിനിമകൾ ചെയ്തിട്ടുണ്ട്. സത്യജിത് റേയുടെ 1959 ൽ പുറത്തിറങ്ങിയ അപൂർ സൻസാർ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്.പഥേർ പഞ്ചാലി ട്രൈലോജിയുടെ ഭാഗമായ ചിത്രമായിരുന്നു അത്. ചാരുലത, ദേവി, ടീൻ കന്യ, ഘരേ ബെയർ, ഗണാശത്രു, എന്നെ ചിത്രങ്ങളിലും സൗമിത്ര ചാറ്റർജി വേഷമിട്ടിരുന്നു. സത്യജിത് റേ സൃഷ്ടിച്ച ഡിറ്റക്ടീവ് ഫെലൂഡയുടെ വേഷത്തിലെത്തിയ ആദ്യത്തെ നടനും സൗമിത്രയായിരുന്നു.
2019ൽ സഞ്ജബതി എന്ന ചിത്രത്തിലാണ് സൗമിത്ര ചാറ്റർജി അവസാനമായി വേഷമിട്ടത്. ബംഗാൾ സിനിമാലോകത്തെ മഹാന്മാരായ മൃണാൾ സെൻ, ആകാശ് കുസും എന്നിവർക്കൊപ്പവും സൗമിത്ര ചാറ്റർജി പ്രവർത്തിച്ചിരുന്നു. 2012 ൽ ഇന്ത്യയിലെ മികച്ച ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. അന്തർധൻ, ദേഖ, പാഡോഖെപ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മൂന്ന് ദേശീയ അവാർഡുകളുടെയും ജേതാവായി. 2018 ൽ സിവിലിയൻ അവാർഡായ ഫ്രാൻസിന്റെ ലെജിയൻ ഓഫ് ഓണർ ലഭിച്ചു. 1989 ൽ സത്യജിത് റേയ്ക്കും ഇതേ അവാർഡ് ലഭിച്ചിരുന്നു.
ആസിഫ് ബസ്ര, നിഷികാന്ത് കാമത്ത്, ജഗദീപ്, പാർവെെ മുനിയമ്മ തുടങ്ങി ചലച്ചിത്രമേഖലയിലുള്ള നിരവധിപ്പേരെയാണ് ഇന്ത്യൻ സിനിമ ലോകത്തിന് നഷ്ടമായത്.
Story Highlights:Indian Film Industry And Fans Will Mourn The Loss of 2020