ജയസൂര്യയുടെ സ്നേഹക്കൂട് പദ്ധതിയില്‍ രണ്ടാമത്തെ വീടും ഒരുങ്ങി

December 27, 2020
Jayasuryas Snehakoodu Project Second House

വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാം വിധം അവതരിപ്പിച്ച് കൈയടി നേടുന്ന ചലച്ചിത്രതാരമാണ് ജയസൂര്യ. സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. നടന്‍ എന്നതിലുമുപരി സാമൂഹികമായ ഇടപെടല്‍ കൊണ്ടും ജയസൂര്യ നിരവധി ആരാധകരെ നേടിയെടുത്തിട്ടുണ്ട്. മറ്റുള്ളവരോടുള്ള അദ്ദേഹത്തിന്റെ കരുതലും സ്നേഹവും പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്നു.

ജയസൂര്യ നേതൃത്വം നല്‍കുന്ന സ്നേഹക്കൂട് പദ്ധതിയുടെ ഭാഗമായി ഒരു കുടുംബത്തിന് കൂടി വീട് ഒരുങ്ങി. സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന പദ്ധതിയാണ് സ്നേഹക്കൂട്. പദ്ധതി പ്രകാരം ആറ് ലക്ഷം രൂപയ്ക്ക് അഞ്ഞൂറ് ചതുരശ്ര അടിയുള്ള വീടാണ് നിര്‍മിച്ചു നല്‍കുന്നത്.

സ്നേഹക്കൂട് പദ്ധതിയുടെ ഭാഗമായി ഓരോ വര്‍ഷവും അഞ്ച് വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നാണ് ജയസൂര്യ നല്‍കിയിരിക്കുന്ന വാഗ്ദാനം. ഇതുപ്രകാരം ആദ്യത്തെ വീട് രാമംഗലത്തുള്ള ഒരു സ്ത്രീക്കും അവരുടെ ഭിന്നശേഷിക്കാരനായ മകനും നിര്‍മിച്ചു നല്‍കിയിരുന്നു. എറണാകുളം മുളന്തുരുത്തിയിലുള്ള ഒരു കുടുംബത്തിനു വേണ്ടിയാണ് രണ്ടാമത്തെ വീടൊരുക്കിയിരിക്കുന്നത്.

മുളന്തുരുത്തി കാരിക്കോട് സ്വദേശികളായ കണ്ണന്‍- സരസ്വതി ദമ്പതികള്‍ക്ക് ജയസൂര്യ നേരിട്ടെത്തി വീടിന്റെ താക്കോല്‍ കൈമാറി. കേരളത്തെ അലട്ടിയ പ്രളയകാലത്ത് വീട് നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ വീടു നിര്‍മിച്ചു നല്‍കിയ ന്യൂറ പാനല്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് സ്‌നേഹക്കൂട് പദ്ധതി നടപ്പിലാക്കുന്നത്.

Story highlights: Jayasuryas Snehakoodu Project Second House