മോഹന്‍ലാലിന്റെ ആറാട്ടില്‍ ജോണി ആന്റണിയും; സന്തോഷം പങ്കുവെച്ച് താരം
മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ആറാട്ട്. ബി ഉണ്ണിഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഉദയ് കൃഷ്ണയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. അഭിനയ- സംവിധാന മികവുകൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ ജോണി ആന്റണിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഈ സന്തോഷം സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനൊപ്പം ജോമി ആന്റണി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.
‘ആറാട്ടില്‍ ഞാനുമുണ്ട്.. ഇട്ടിമാണിക്ക് ശേഷം ലാലേട്ടനോടൊപ്പം അഭിനയിക്കുന്നു. ബി ഉണ്ണികൃഷ്ണന്റ സംവിധാനത്തില്‍ ആദ്യമായി അഭിനയിക്കുന്നു. അതുപോലെ തന്നെ ഞാന്‍ സംവിധാനം ചെയ്ത 5 സിനിമകള്‍ എഴുതിയ ഉദയകൃഷ്ണന്റെ സിനിമയിലും ആദ്യമായി അഭിനയിക്കുന്നു. അങ്ങനെ വളരെ പ്രതീക്ഷ നല്‍കുന്ന ഒരു സിനിമയും കഥാപാത്രവുമാണ് ഇത്.’ എന്നാണ് ജോണി ആന്റണി കുറിച്ചത്.
നെയ്യാറ്റിന്‍കര ഗോപന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിലും. അതേസമയം മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും ചിത്രത്തിലെ ഒരു ആകര്‍ഷണമാണ്. 2255 എന്ന നമ്പറാണ് കാറിന് നല്‍കിയിരിക്കുന്നത്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ ‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’ എന്ന താരത്തിന്റെ മാസ് ഡയലോഗിനേയും ഈ നമ്പര്‍ ഓര്‍മ്മപ്പെടുത്തുന്നു. കെ എല്‍ വി 2255 എന്നാണ് താരം ചിത്രത്തില്‍ ഉപോഗിക്കുന്ന വാഹനത്തിന്റെ നമ്പര്‍.
ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശ്രദ്ധ ശ്രീനാഥ് നായികയായെത്തുന്നു. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ഇന്ദ്രന്‍സ്, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്. നര്‍മ്മത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.
Story highlights: Johny Antony In AArattu