ഭാര്യയുടെ പിറന്നാള്‍ ആഘോഷമാക്കി ജോജു ജോര്‍ജ്; ചിത്രങ്ങള്‍
സിനിമയിലെ അഭിനയവിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങള്‍ പങ്കുവയ്ക്കുന്ന കുടുംബവിശേഷങ്ങളും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ മലയാളികളുടെ പ്രിയതാരം ജോജു ഇടയ്ക്കിടെ മക്കളുടെ പാട്ടുവീഡിയോയും വീട്ടുവിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ശ്രദ്ധ നേടുകയാണ് ജോജുവിന്റെ ഭാര്യ അബ്ബയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍. ‘ഹാപ്പി ബെര്‍ത്‌ഡേ എന്റെ ഭാര്യേ..’ എന്ന അടിക്കുറിപ്പോടയാണ് താരം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
അതേസമയം ജോജു ജോര്‍ജ് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പീസ്. ചിത്രത്തിനു വേണ്ടിയുള്ള ജോജുവിന്റെ മേക്കോവറും ശ്രദ്ധ നേടി. അടുത്തിടെ RX100-ന്റെ മുന്‍ചക്രം ഉയര്‍ത്തി അഭ്യാസ പ്രകടനം നടത്തുന്ന ജോജുവിന്റെ ഫോട്ടോയും വൈറലായിരുന്നു.
നവാഗതനായ സന്‍ഫീര്‍ കെ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥയും. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സിദ്ദിഖ്, ഷാലു റഹീം, വിജിലേഷ്, ആശ ശരത്ത്, ലെന, അതിഥി രവി തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് പീസ് എന്ന ചിത്രത്തില്‍. ഷമീര്‍ ഗിബ്രാന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജുബൈര്‍ മുഹമ്മദ് സംഗീതം ഒരുക്കുന്നു. നൗഫല്‍ അബ്ദുള്ളയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.
Story highlights: Joju George shares family photos