അനിലിനൊപ്പമുള്ള അവസാന ലൊക്കേഷന്‍ ചിത്രങ്ങള്‍; ഓര്‍മ്മകള്‍ പങ്കുവെച്ച് ജോജു ജോര്‍ജ്
രംഗബോധം തീരെയില്ല മരണത്തിന്. അതുകൊണ്ടാണല്ലോ അത്രമേല്‍ പ്രിയപ്പെട്ടവരെ മുന്നറിയിപ്പില്ലാതെ മരണം കവര്‍ന്നെടുക്കുന്നതും. കലാലോകത്തിന് നികത്താനാവാത്ത നഷ്ടം ബാക്കിവെച്ചാണ് അനില്‍ നെടുമങ്ങാട് എന്ന അതുല്യ കലാപ്രതിഭ മരണത്തിന് കീഴടങ്ങിയത്. അനിലിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ അലയടിക്കുകയാണ് സിനിമാ ലോകത്തും സൈബര്‍ ഇടങ്ങളിലുമെല്ലാം.
ജോജു ജോര്‍ജ് നായകനായെത്തുന്ന പീസ് എന്ന സിനിമയിലാണ് അനില്‍ അവസാനമായി അഭിനയിച്ചുകൊണ്ടിരുന്നത്. ഇപ്പോഴിതാ അനിലിനൊപ്പമുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ജോജു ജോര്‍ജ്. പീസ് എന്ന സിനിമയില്‍ അഭിനയിക്കുന്നതിന്റെ ഭാഗമായാണ് അനില്‍ തൊടുപുഴയിലെത്തിയത്. മലങ്കരഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിമരണപ്പെടുകയായിരുന്നു താരം. ക്രിസ്മസ് ദിനത്തിലായിരുന്നു താരത്തിന്റെ അപ്രതീക്ഷിത മരണം.
2014-ല്‍ രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അനിലിനെ പ്രേക്ഷകര്‍ക്ക് പരിചിതമായത്. ചിത്രത്തിലെ ഫ്രെഡി കൊച്ചപ്പന്‍ എന്ന കഥാപാത്രത്തെ താരം അവിസ്മരണീയമാക്കി. തുടര്‍ന്ന് കമ്മട്ടിപ്പാടം, പാവാട, പൊറിഞ്ചുമറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ കൂടുതല്‍ ശ്രദ്ധേയനായി. സച്ചി സംവിധാനം നിര്‍വഹിച്ച അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സി ഐ സതീഷ് പ്രേക്ഷക ഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നു…
Story highlights: Joju George shares Location stills with Anil Nedumangadu