ചില വേദന കാലത്തിനും മായ്ക്കാനാകില്ല; മകള്‍ നന്ദനയുടെ ജന്മദിനത്തില്‍ ഉള്ളുതൊടുന്ന വാക്കുകളുമായി കെ എസ് ചിത്ര
മരണത്തെ രംഗ ബോധമില്ലാത്ത കോമാളി എന്ന് വിശേഷിപ്പിക്കാറുണ്ട്. പലപ്പോഴും അങ്ങനെയാണ്. അത്രമേല്‍ പ്രിയപ്പെട്ടവരെ പെട്ടെന്ന് അങ്ങ് മരണം കവര്‍ന്നെടുക്കും. ഭൂമിയില്‍ അവരുടെ ഓര്‍മ്മകള്‍ മാത്രം ബാക്കിയാകും. മലയാളികളുടെ പ്രിയ ഗായിക കെ എസ് ചിത്രയുടെ മകളുടെ മരണവും കേരളക്കരയെ ആകെ കണ്ണീരിലാഴ്ത്തിയിരുന്നു. മരണം കവര്‍ന്നെങ്കിലും നന്ദനയുടെ ഓര്‍മ്മകള്‍ ഇന്നും അലയടിക്കുന്നു. മകളുടെ പിറന്നാള്‍ ദിനത്തില്‍ ഉള്ളുതൊടുന്ന വാക്കുകളാണ് കെ എസ് ചിത്ര കുറിച്ചിരിക്കുന്നതും.
‘ചില വേദനകള്‍ കാലത്തിനു പോലും മായ്ക്കാനാകില്ല. ഇത് ദൈവത്തിന്റെ തീരുമാനവും ആയിരുന്നില്ല. ഞങ്ങളുടെ നഷ്ടത്തിന്റെ ആഴത്തെക്കുറിച്ച് ദൈവത്തിനു അറിയുമായിരുന്നെങ്കില്‍ നന്ദന ഇന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവുമായിരുന്നു. കാലം എത്ര കഴിഞ്ഞാലും ആ വേര്‍പാടിന്റെ ദുഖം ഞങ്ങള്‍ക്കൊപ്പമുണ്ടാകും. ആ വേദനയില്‍ക്കൂടിയാണ് ഞങ്ങള്‍ കടന്നുപോകുന്നതും. ഞങ്ങളെ രണ്ടുപേരേയും ദൈവം അങ്ങോട്ട് വിളിച്ചുകഴിയുമ്പോള്‍ ഞങ്ങള്‍ മൂന്നു പേരും വീണ്ടും ഒരുമിച്ചു ചേരും. എന്റെ പ്രിയപ്പെട്ട നന്ദനയ്ക്ക് പിറന്നാള്‍ ആശംസകള്‍:’. ഫോട്ടോയ്‌ക്കൊപ്പം കെ എസ് ചിത്ര കുറിച്ചു.
2002-ല്‍ ആയിരുന്നു നന്ദനയുടെ ജനനം. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും മകളായി നന്ദന ജനിക്കുന്നത്. എന്നാല്‍ എട്ടാമത്തെ വയസില്‍ ദുബായിലെ നീന്തല്‍ കുളത്തില്‍ വീണ് മരണത്തിന് കീഴടങ്ങേണ്ടി വന്നു ആ കുരുന്നിന്. 2011 ഏപ്രില്‍ 14ന് ആയിരുന്നു നന്ദനയുടെ മരണം.
Story highlights: K S Chithra heart touchin word about Nandhana