കാട്ടുപായലേ പാട്ടിന് ക്യൂട്ട് വേര്‍ഷനുമായി കുട്ടി തെന്നല്‍

December 10, 2020
Kaattu Payale Dance Cover Kutti Thennal

പാട്ടുകള്‍ക്ക് സുന്ദരമായ കവര്‍വേര്‍ഷനുകള്‍ ഒരുക്കി, സൈബര്‍ ഇടങ്ങളുടെ ഹൃദയം കീഴടക്കുന്ന മിടുക്കിയാണ് കുട്ടി തെന്നല്‍. പ്രായത്തെ വെല്ലുന്ന കുട്ടി തെന്നലിന്റെ പ്രകടനങ്ങള്‍ ഏറെ മികച്ചു നില്‍ക്കുന്നു. ശ്രദ്ധ നേടുകയാണ് സൂരരൈ പോട്രു എന്ന ചിത്രത്തിലെ കാട്ടുപായലേ ഗാനത്തിന് കുട്ടി തെന്നല്‍ ഒരുക്കിയ കവര്‍ വേര്‍ഷന്‍.

ഡാന്‍സ് കവറാണ് പാട്ടിന് ഒരുക്കിയിരിക്കുന്നത്. ദൃശ്യഭംഗിയിലും ഏറെ മികച്ചു നില്‍ക്കുന്നു ഈ കവര്‍ വേര്‍ഷന്‍. കുട്ടി തെന്നലിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നവരും നിരവധിയാണ്. സിനിമാ അഭിനയരംഗത്തും കുട്ടിതെന്നല്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ടൊവിനോ തോമസ് നായകനായെത്തിയ ഫോറന്‍സിക് എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ലളിതം സുന്ദരം, മിന്നല്‍ മുരളി, സൂപ്പര്‍ ഹീറോ തുടങ്ങിയ ചിത്രങ്ങളിലും കഥാപാത്രമായെത്തുന്നുണ്ട്.

അതേസമയം സൂര്യയാണ് സൂരരൈ പോട്രു എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രംകൂടിയാണ് സൂരരൈ പോട്രു. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്.

സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിക്കുന്നത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതും. മലയാളികളുടെ പ്രിയതാരങ്ങളായ അപര്‍ണ ബാലമുരളിയും ഉര്‍വശിയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Story highlights: Kaattu Payale Dance Cover Kutti Thennal