ഹാപ്പി ബർത്ത്ഡേ കണ്ണമ്മാ; കാളിദാസിന് പിറന്നാൾ ആശംസകളുമായി പാർവ്വതി
മലയാളികളുടെ പ്രിയതാരം കാളിദാസ് ജയറാമിന് ഇന്ന് പിറന്നാൾ. യുവതാരങ്ങളിൽ ശ്രദ്ധേയനായ താരത്തിന് പിറന്നാൾ ആശംസകളുമായി നിരവധിപ്പേരാണ് എത്തുന്നത്. അതിൽ ഏറ്റവും ശ്രദ്ധനേടുന്നത് കാളിദാസിന്റെ അമ്മയും പഴയകാല സിനിമ താരവുമായ പാർവ്വതിയുടെ പിറന്നാൾ ആശംസയാണ്. ഇന്ന് ഒരു വയസ് കൂടുന്ന എന്റെ കുഞ്ഞിന് , ഹാപ്പി ബർത്ത്ഡേ കണ്ണമ്മാ, ലവ് യു’ എന്നാണ് പാർവ്വതി കുറിച്ചിരിക്കുന്നത്. കാളിദാസ് പർവ്വതിയ്ക്ക് ഉമ്മ കൊടുക്കുന്ന പഴയകാല ചിത്രത്തിനൊപ്പമാണ് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്.
ബാലതാരമായി വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് കാളിദാസ് ജയറാം. 2000-ല്‍ തിയേറ്റുകളിലെത്തിയ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്നതായിരുന്നു ആദ്യ ചിത്രം. ജയറാമിന്റെ മകനായിട്ടാണ് ഈ സിനിമയില്‍ കാളിദാസ് ജയറാം അഭിനയിച്ചതും. പിന്നീട് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, എന്റെ വീട് അപ്പൂന്റേം എന്നീ ചിത്രങ്ങളിലും ജയറാമിനൊപ്പം അഭിനയിച്ചു ശ്രദ്ധ നേടി. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും കേരള സംസ്ഥാന പുരസ്കാരവും താരത്തെ തേടിയെത്തി.
2016-ല്‍ തിയേറ്ററുകളിലെത്തിയ മീന്‍ കുഴമ്പും മണ്‍പാനയും എന്ന തമിഴ് ചിത്രത്തിലാണ് കാളിദാസ് ജയറാം നായക കഥാപാത്രമായി അരങ്ങേറ്റം കുറിച്ചത്. പൂമരം എന്ന ചിത്രത്തിലൂടെ മലയാളത്തിലും നായകനായി അരങ്ങേറ്റം കുറിച്ചു. പിന്നീട് നിരവധി ചിത്രങ്ങളിൽതാരം മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചു. ഇപ്പോഴിതാ പാവ കഥൈകള്‍ എന്ന ആന്തോളജി ചിത്രമാണ് താരത്തിന്റേതായി അണിയറയിൽ റിലീസിനൊരുങ്ങുന്നത്. കാളിദാസ് ജയറാമിനെ മുഖ്യകഥാപാത്രമായി സുധ കൊങ്കര ഒരുക്കുന്ന ചിത്രമാണ് തങ്കം. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് കാളിദാസ് ടീസറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും. സത്താർ എന്ന കഥാപാത്രമായി മികച്ച അഭിനയമാണ് കാളിദാസ് കാഴ്ചവയ്ക്കുന്നത്.
Story Highlights:kalidas jayaram birthday parvathy wish