മഹേഷ് ബാബുവിനൊപ്പം കീർത്തി സുരേഷ്; ‘സർക്കാരു വാരി പാട്ട’ ഒരുങ്ങുന്നു
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് കീർത്തി സുരേഷ്. അതുകൊണ്ടുതന്നെ താരത്തിന്റെ സിനിമ വിശേഷങ്ങൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നതും. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ മഹേഷ് ബാബു ചിത്രത്തിൽ വേഷമിടാൻ ഒരുങ്ങുകയാണ് കീർത്തി സുരേഷ്.
സർക്കാരു വാരി പാട്ട എന്ന ചിത്രത്തിലാണ് കീർത്തി മഹേഷ് ബാബുവിനൊപ്പം അഭിനയിക്കുന്നത്. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് മഹേഷ് ബാബു വേഷമിടുന്നത് എന്നാണ് സൂചന. അടുത്ത വർഷം ആദ്യമായിരിക്കും സിനിമ ചിത്രീകരണം ആരംഭിക്കുക. ആഗസ്റ്റിൽ ചിത്രം റിലീസ് ചെയ്തേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംഗീത സംവിധാനം എസ് എസ് തമൻ, പി എസ് വിനോദ് ഛായാഗ്രാഹണം, മാര്‍ത്താണ്ഡ് കെ വെങ്കടേഷ് എഡിറ്റിങ്ങും നിർവഹിക്കുന്നു.
അതേസമയം കീർത്തി സുരേഷിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഗുഡ് ലക്ക്, സഖി, സാനി കൈദം, അണ്ണാത്തെ, ആദിപുരുഷ്, ‘രംഗ് ദേ’ തുടങ്ങി നിരവധി ചിത്രങ്ങളാണ് കീർത്തിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. മലയാളത്തിൽ ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രമാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
‘മിസ് ഇന്ത്യ’ എന്ന ചിത്രമാണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. നവാഗത സംവിധായകൻ വൈ. നരേന്ദ്രനാഥ് ആണ് ചിത്രം ഒരുക്കുന്നത്. മുത്തച്ഛന്റെ സ്വപ്നവും സ്വന്തം ബാല്യകാല അഭിലാഷവും നിറവേറ്റാനുള്ള ശ്രമത്തിൽ അമേരിക്കയിലേക്ക് പോകുന്ന സംയുക്ത എന്ന കഥാപാത്രമായാണ് കീർത്തി സിനിമയിൽ എത്തുന്നത്.
Read also:സകുടുംബം വിനീത് ശ്രീനിവാസന്‍; മനോഹരം ഈ സ്‌നേഹചിത്രങ്ങള്‍
തെന്നിന്ത്യയുടെ പ്രിയ നായികയാണ് കീർത്തി സുരേഷ്. മലയാളത്തിനേക്കാൾ മറ്റു ഭാഷകളിലാണ് കീർത്തി കൂടുതൽ സ്വീകരിക്കപ്പെട്ടത്. തമിഴിലും തെലുങ്കിലും സാന്നിധ്യമറിയിച്ചതിന് പിന്നാലെ ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ് കീർത്തി സുരേഷ്.
Story Highlights: keerthy suresh mahesh babu film sarkaru vari patta