കിം കിം കിം സംസ്‌കൃതത്തിലും; വീഡിയോ പങ്കുവെച്ച് മഞ്ജു വാര്യർ
സോഷ്യൽ മീഡിയ ട്രെൻഡിങ്ങിൽ ഇടംനേടിയ ഗാനമാണ് ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിലെ കിം കിം പാട്ട്. ഇതിനോടകം ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയെടുത്ത ഗാനം ആലപിച്ചത് മഞ്ജു വാര്യരാണ്. പാട്ടിന് പിന്നാലെ ഈ പാട്ടിനുള്ള മഞ്ജു വാര്യരുടെ നൃത്തവും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ കിം കിം ഡാൻസ് ചലഞ്ചും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ കേരളത്തിൽ തരംഗമായ കിം കിം പാട്ട് ഇപ്പോൾ സംസ്‌കൃതത്തിലും എത്തിയിരിക്കുകയാണ്.
ഷിബു കുമാറും കൂട്ടരും ചേർന്നൊരുക്കിയ കിം കിം പാട്ടിന്റെ സംസ്‌കൃത പതിപ്പ് മഞ്ജു വാര്യരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നതും. ഷിബു കുമാറിന്റെ വരികൾ തയാറാക്കിയ സംസ്‌കൃത ഗാനം ആലപിച്ചിരിക്കുന്നത് അദിതി നായരാണ്. ബി കെ ഹരിനാരയണന്റേതാണ് കിം കിം ഗാനത്തിലെ വരികള്‍. റാം സുരേന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.
ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയ ഗാനമാണ് ഇത്. ‘ഉറുമി’ക്ക് ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. മഞ്ജു വാര്യരും കാളിദാസ് ജയറാമുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, അജു വര്‍ഗീസ് തുടങ്ങിയ വലിയ താരനിരകള്‍ ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം മുഴുനീള എന്റെര്‍റ്റൈനെര്‍ ആയിരിക്കുമെന്നാണ് സൂചന.
മികച്ച ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍ തന്നെ സംവിധാനവും ക്യാമറയും നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സന്തോഷ് ശിവന്‍ ഭാഗമായ മലയാള ചിത്രങ്ങളായ ‘അനന്തഭദ്രം’, ‘ഉറുമി’ എന്നീ ചിത്രങ്ങളുടെ സാങ്കേതിക മികവ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Story Highlights: kim kim kim Sanskrit version video