കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഇളയ മകളും സിനിമയിലേയ്ക്ക്

December 24, 2020
Kottarakkara Sreedharan Nair's daughter also enters Film Industry

മലയാള ചലച്ചിത്രാസ്വാദകര്‍ക്ക് അപരിചിതനല്ല കൊട്ടാരക്കര ശ്രീധരന്‍ നായര്‍ എന്ന പേര്. ചലച്ചിത്രലോകത്ത് കൊട്ടാരക്കര എന്ന പേരില്‍ അറിയപ്പെട്ട അദ്ദേഹം വിസ്മയമാക്കിയ കതാപാത്രങ്ങളും നിരവധിയാണ്. ചെമ്മീന്‍ എന്ന ചിത്രത്തിലെ ചെമ്പന്‍കുഞ്ഞും മൈഡിയര്‍ കുട്ടിച്ചാത്തനിലെ വില്ലനായ മന്ത്രവാദിയുമൊക്കെ പ്രേക്ഷകമനസ്സുകളില്‍ ഇന്നും ജീവിക്കുന്നു. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഇളയ മകള്‍ ശൈലജയും ചലച്ചിത്ര അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നു. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മക്കളായ സായികുമാറും ശോഭ മോഹനും മലയാള സിനിമയിലെ അഭിനേതാക്കളാണ്.

ഒരു താത്വിക അവലോകനം എന്ന ചിത്രത്തിലൂടെയാണ് ശൈലജയുടെ സിനിമാ പ്രവേശനം. ‘താത്വികമായ ഒരു അവലോനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്… ‘ ശങ്കരാടിയുടെ ഈ ഡയലോഗ് ഓര്‍ക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. സന്ദേശം എന്ന സിനിമ തിയേറ്ററുകളിലെത്തിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും വിട്ടകന്നിട്ടില്ല സിനിമയുടെ ഓര്‍മ്മകള്‍. ശങ്കരാടിയുടെ ഡയലോഗിലെ ‘ഒരു താത്വിക അവലോകനം’ എന്ന വാക്കും ഹിറ്റായി. ഈ പേരില്‍ ഒരു സിനിമയൊരുങ്ങുന്നുവെന്ന പ്രഖ്യാനവും പ്രേക്ഷകര്‍ സ്വീകരിച്ചു.

നവാഗതനായ അഖില്‍ മാരാര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് താത്വിക അവലോകനം. ചിത്രത്തില്‍ ജോജു ജോര്‍ജ്, നിരഞ്ജന്‍ രാജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യോഹാന്‍ ഫിലിംസിന്റെ ബാനറില്‍ ഡോക്ടര്‍ ഗീവര്‍ഗീസ് യോഹന്നാന്‍ നിര്‍മിക്കുന്ന ചിത്രം മാക്‌സ് ലാബ് ആണ് വിതരണത്തിന് എത്തിക്കുന്നത്.

Story highlights: Kottarakkara Sreedharan Nair’s daughter also enters Film Industry