മറുപടി കൊടുത്തില്ലെങ്കിൽ ഓടിച്ചിട്ട് കടിക്കുമെന്ന് ഒരു കുഞ്ഞു ഭീഷണി; ഒടുവിൽ നദ മോളെ തേടി ടൊവിനോയുടെ മറുപടി എത്തി

മലയാളികളുടെ ഇഷ്ടതാരമാണ് ടൊവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക പ്രിയങ്കരനായ ടൊവിനോ ആരാധകരോടും സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ്. ഇപ്പോഴിതാ, ടൊവിനോയുടെ ചിത്രം വരച്ച ഒരു കൊച്ചു മിടുക്കിക്ക് മറുപടി നൽകി ശ്രദ്ധ നേടുകയാണ് താരം.
നദ എന്ന പെൺകുട്ടിയാണ് ടൊവിനോയുടെ മനോഹരമായ ഛായാചിത്രം വരച്ചത്. പക്ഷെ, പലവിധത്തിലും ഈ ചിത്രം ടൊവിനോയ്ക്ക് അയച്ചിട്ടും മറുപടി കിട്ടാതായതോടെ നിരാശയിലായ നദായുടെ സങ്കടം ‘അമ്മ റംസീൻ റഷീദ് ഒരു ഗ്രൂപ്പിൽ പങ്കുവെച്ചതോടെ ടൊവിനോ മറുപടി അറിയിക്കുകയായിരുന്നു.

‘ടൊവിനോയുടെ റിപ്ലൈയ്ക്ക് വേണ്ടി കാത്തിരിക്കുന്ന എന്റെ മോൾ നദയുടെ ഡ്രോയിങ്ങ്. പല തരത്തിലും അവൾ ഈ ഫോട്ടോ ടൊവിനോയ്ക്ക് അയച്ചു..റിപ്ലൈ കിട്ടാതെ നിരാശയിലായി. ഇപ്പോൾ ടൊവിനോയെ നേരിട്ട് കണ്ടാൽ ഓടിച്ചിട്ട് കടിക്കും എന്ന് പറഞ്ഞു നടപ്പാണ്..’- ചിത്രത്തിനൊപ്പം റംസീൻ റഷീദ് കുറിക്കുന്നു.
ഇത് ടൊവിനോയുടെ സോഷ്യൽ മീഡിയ മാനേജറും കമ്മ്യൂണിക്കേഷൻസ് വിദഗ്ധനുമായ വിപിൻ കുമാറിന്റെ ശ്രദ്ധയിൽ പെട്ടതോടെ ടൊവിനോയുടെ ശബ്ദ സന്ദേശം നദയ്ക്ക് എത്തി. ‘മോള് ഗംഭീരമായി വരച്ചിട്ടുണ്ട്, ഇനിയും ഇതിലും നന്നായി വരയ്ക്കണം” എന്നായിരുന്നു ടൊവിനോയുടെ വാക്കുകൾ. ഇതിനു പിന്നാലെ നന്ദി അറിയിച്ച് നദ തെന്നെ എത്തിയിരുന്നു.
Story highlights- little girl nahda appreciated by tovino thomas