പണവും ടെക്നോളജിയും ഉപേക്ഷിച്ച് വ്യത്യസ്തനായി ജീവിക്കാൻ ഇറങ്ങിത്തിരിച്ച മാർക്ക്
വിവര സാങ്കേതികവിദ്യ അനുദിനം വളര്‍ന്നുകൊണ്ടേയിരിക്കുന്നു. കാലം മാറുന്നതിനനുസരിച്ച് മനുഷ്യന്റെ ജീവിത സാഹചര്യങ്ങളിലും മാറ്റം വന്നുകൊണ്ടേയിരിക്കുന്നു. മൊബൈല്‍ ഫോണും ഇന്റർനെറ്റും ഒന്നുമില്ലാത്ത ഒരു ദിവസം പോലും ഇപ്പോൾ ജീവിതത്തിൽ ഉണ്ടാവാറുമില്ല.. ഇതെല്ലാം ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു ദിവസത്തെക്കുറിച്ചുപോലും ചിന്തിക്കാനും സാധിക്കില്ല. എന്നാൽ പണവും ടെക്നോളജിയും പാടെ ഉപേക്ഷിച്ച് സന്തോഷപൂർവ്വം ജീവിക്കുന്ന ഒരു വ്യക്തിയുണ്ട്. അയർലൻഡ് സ്വദേശിയായ മാർക്ക് ബോയൽ എന്ന വ്യക്തിയാണ് ഇത്തരത്തിൽ ആധുനീക സൗകര്യങ്ങൾ എല്ലാം ഉപേക്ഷിച്ച് സ്വസ്ഥമായി ജീവിക്കുന്നത്.
‘ദി മണിലെസ് മാൻ’ എന്നാണ് ബോയൽ അറിയപ്പെടുന്നത് പോലും. 2008 ലാണ് പണത്തിന്റെ ഉപയോഗം കുറയ്ക്കാൻ മാർക്ക് ബോയൽ തീരുമാനിക്കുന്നത്. പണം മനുഷ്യന്റെ ഇടയിൽ അന്തരം സൃഷ്ടിക്കുന്നുവെന്ന തോന്നലാണ് ഇത് ഉപേക്ഷിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.
സാമ്പത്തീക ശാസ്ത്രത്തിലും ബിസിനസിലും ബിരുദം ഉള്ള മാർക്ക് നേരത്തെ ഒരു ഓർഗാനിക് ഫുഡ് കമ്പനിയിൽ മാനേജരായി വർക്ക് ചെയ്തിരുന്നു. എന്നാൽ പിന്നീട് മാർക്ക് ഇതെല്ലം ഉപേക്ഷിച്ച് സ്വസ്ഥമായി ജീവിക്കാൻ തീരുമാനിക്കുക ആയിരുന്നു. ഇതിന്റെ ഭാഗമായി നഗരത്തിന്റെ ബഹളങ്ങളിൽ നിന്നും മാറി കാടിനോട് ചേർന്ന് ഒരു വീടെടുത്ത മാർക്ക് അവിടെ സ്വന്തമായി കൃഷിയും കോഴിഫാമും ഒക്കെ തുടങ്ങി.
2016 ലാണ് ടെക്നോളജി ഉപേക്ഷിക്കാനായി മാർക്ക് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ നാല് വർഷമായി വൈദ്യുതി പോലും മാർക്ക് ഉപയോഗിക്കുന്നില്ല. എഴുത്തുകാരൻ കൂടിയായ അദ്ദേഹം എഴുതാൻ ഉപയോഗിക്കുന്ന പെൻസിലും പേപ്പറും മാത്രമാണ് അദ്ദേഹം കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്നത്. എന്നാൽ ആധുനീക സൗകര്യങ്ങൾ ഒന്നുമില്ലെങ്കിലും തനിക്ക് ആവശ്യത്തിന് സമാധാനവും സന്തോഷവും ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
Story Highlights: mark boyle technology free simple life