മോഹന്‍ലാല്‍ തിരക്കിലാണ് അടുക്കളയില്‍ അല്‍പം പാചകവുമായി: വീഡിയോ

December 6, 2020
Mohanlal Cooking Video

അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ വീട്ടുവിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ വീട്ടു വിശേഷങ്ങളും താരം കുക്ക് ചെയ്യുന്ന ചിത്രങ്ങളുമെല്ലാം ഇടയ്ക്കിടെ ശ്രദ്ധ നേടുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ചെറിയൊരു കുക്കിങ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. താരത്തിന്റെ അടുത്ത സുഹൃത്തായ സമീര്‍ ഹംസയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

ഫിഷ് സ്‌പെഷ്യല്‍ വിഭവം തയാറാക്കന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. ജസ്റ്റിന്‍ ബീബറിന്റെ ഇന്റെന്‍ഷന്‍സ് എന്ന ഗാന പശ്ചാത്തലത്തിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ചൂടാണ് കൈ പൊള്ളും’ എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നു.

അതേസമയം ജീത്തു ജോസഫിന്റെ ദൃശ്യം 2ന് ശേഷം മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ആറാട്ട്. ബി ഉണ്ണിഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഉദയ് കൃഷ്ണയുടേതാണ് ചിത്രത്തിന്റെ തിരക്കഥ.

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിലും. അതേസമയം മോഹന്‍ലാല്‍ ഉപയോഗിക്കുന്ന കറുത്ത ബെന്‍സ് കാറും ചിത്രത്തിലെ ഒരു ആകര്‍ഷണമാണ്. 2255 എന്ന നമ്പറാണ് കാറിന് നല്‍കിയിരിക്കുന്നത്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തിയ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലെ ‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’ എന്ന താരത്തിന്റെ മാസ് ഡയലോഗിനേയും ഈ നമ്പര്‍ ഓര്‍മ്മപ്പെടുത്തുന്നു. കെ എല്‍ വി 2255 എന്നാണ് താരം ചിത്രത്തില്‍ ഉപോഗിക്കുന്ന വാഹനത്തിന്റെ നമ്പര്‍.

ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രമൊരുങ്ങുന്നത്. നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ശ്രദ്ധ ശ്രീനാഥ് നായികയായെത്തുന്നു. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്. നര്‍മ്മത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.

Story highlights: Mohanlal Cooking Video