വീണ്ടും ലോഹത്തൂൺ; ഇത്തവണ പ്രത്യക്ഷപ്പെട്ടത് രണ്ടെണ്ണം
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ലോഹത്തൂണുകളെക്കുറിച്ചുള്ള വാർത്തകളാണ് മാധ്യമങ്ങളിൽ നിറയുന്നത്. ഏറെ നിഗൂഢതകൾ ഒളിപ്പിച്ച് നിരവധി ഇടങ്ങളിലാണ് ലോഹത്തൂൺ പ്രത്യക്ഷപ്പെട്ടത്. ദിവസങ്ങൾക്കകം അവ അപ്രത്യക്ഷമാകുകയും ചെയ്തു. ഇവയെക്കുറിച്ചുള്ള അന്വേഷണങ്ങൾ നടക്കുന്നതിനിടെയാണ് ദുരൂഹത നിറഞ്ഞ ലോഹത്തൂണുകൾ സ്ഥാപിക്കുന്നതിന് പിന്നിൽ ഒരു കൂട്ടം കലാകാരൻമാർ ആണെന്ന തരത്തിൽ വാർത്തകൾ മാധ്യമങ്ങളിൽ ഇടം നേടിയത്. അതിനിടെ വീണ്ടും ലോഹത്തൂൺ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇത്തവണ പോളണ്ടിലാണ് ലോഹത്തൂൺ പ്രത്യക്ഷപ്പെട്ടത്. പതിവിൽ നിന്നും വ്യത്യസ്തമായി രണ്ട് ലോഹത്തൂണുകളാണ് ഇത്തവണ ഒരേദിവസം കണ്ടെത്തിയത്.
പോളണ്ടിലെ ആദ്യ ലോഹത്തൂൺ കണ്ടെത്തിയത് കെൽസിയിലെ ദക്ഷിണ മേഖലയിലാണ്. രണ്ടാമത്തെ ലോഹത്തൂൺ വാർസോയിലെ വിസ്തുല നദീ തീരത്താണ് പ്രത്യക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് കെൽസിയിൽ 9 അടി ഉയരമുള്ള ലോഹത്തൂൺ കണ്ടെത്തിയത്. അന്ന് ഉച്ചയ്ക്ക് തന്നെ രണ്ടാമത്തെ ലോഹത്തൂൺ വാർസോയിലെ വിസ്തുല നദീ തീരത്തും കണ്ടെത്തി.
ദി മോസ്റ്റ് ഫേമസ് ആർട്ടിസ്റ്റ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ഈ തൂണുകളെക്കുറിച്ചുള്ള ചിത്രങ്ങളും വിവരങ്ങളും ധാരാളമായി വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഇതിന് പിന്നിൽ ഈ കലാകാരന്മാരായിരിക്കാം എന്ന് കണ്ടെത്തിയത്. ഈ ലോഹത്തൂണുകൾക്ക് പിന്നിൽ നിങ്ങളാണോ എന്ന ചോദ്യവും ഈ പേജിൽ വ്യാപകമായി ഉയർന്നിരുന്നു. ഇതോടെ ‘നിങ്ങൾക്ക് അങ്ങനെ തോന്നുന്നെങ്കിൽ അത് ശരിയായിരിക്കാം’ എന്നാണ് പേജിൽ വന്ന മറുപടി. അതേസമയം ഇതിനെക്കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
Read also:ഇത് പറക്കും സിൽക്ക്; ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ഫീൽഡിങ് പ്രകടനം, വൈറൽ വീഡിയോ
അമേരിക്കയിലെ യൂടായിലും റൊമാനിയയിലും കാലിഫോർണിയയിലുമാണ് ഈ ലോഹത്തൂണുകൾ നേരത്തെ പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ നവംബർ 18 നാണ് ആദ്യമായി അമേരിക്കയിലെ യൂടായിൽ വിജനമായ പ്രദേശത്ത് അജ്ഞാതമായ ലോഹസ്തൂപം കണ്ടെത്തിയത്. പിന്നീട് കുറച്ച് ദിവസങ്ങൾക്കുള്ളിൽ ഇവിടെ നിന്നും ലോഹത്തൂൺ അപ്രത്യക്ഷമാകുകയിരുന്നു. യൂടായിൽ നിന്നും കാണാതായതിന് പിന്നാലെ ഇതിന് സമാനമായ ലോഹത്തൂൺ റൊമാനിയയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. പ്രത്യക്ഷപ്പെട്ട് നാലു ദിവസങ്ങൾക്കു ശേഷമാണ് റൊമാനിയയിലെ ബാറ്റ്കാസ് ഡോംനേ എന്ന കുന്നിൽ നിന്ന് തൂൺ കാണാതായത്. ഇതിന് പിന്നാലെയാണ് കാലിഫോർണിയയിലെ അടാസ്കഡേറോ മലയ്ക്ക് മുകളിലായി ലോഹത്തൂൺ കണ്ടെത്തി.
Story Highlights:mysterious monoliths found out in poland