നേപ്പിള്‍സ് പുല്‍ക്കൂടുകളില്‍ മറഡോണ മാലാഖയും

December 15, 2020
Naples honours its hero Diego Maradona with nativity figurine

മഞ്ഞിന്റെ പുതപ്പണിഞ്ഞ് ഒരു ക്രിസമസ് കാലം കൂടി വിരുന്നെത്തിയിരിക്കുന്നു. കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യമാണെങ്കിലും വിപണികളും വീടുകളും നഗരവീഥികളുമെല്ലാം ക്രിസ്മസ് കാഴ്ചകള്‍ക്കൊണ്ട് നിറയുകയാണ്. തികച്ചും വ്യത്യസ്തമായ ക്രിസ്മസ് കാഴ്ചയാണ് നേപ്പിള്‍സില്‍ നിന്നുള്ളത്. മരണം കവര്‍ന്നെടുത്ത ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മാലാഖ രൂപവും പുല്‍ക്കൂടുകളില്‍ ഇടം നേടാനൊരുങ്ങുകയാണ് നേപ്പിള്‍സില്‍.

ഇറ്റലിക്കാര്‍ക്ക് മറഡോണയോടുള്ള അനന്തമായ സ്‌നേഹത്തിന്റെ പ്രതിഫനംകൂടിയാണ് ഈ മാലാഖരൂപം. തെക്കന്‍ ഇറ്റാലിയന്‍ നഗരമായ നേപ്പിള്‍സിലാണ് മറഡോണയോടുള്ള സ്‌നേഹം വ്യത്യസ്തമായ രീതിയില്‍ പുറത്തെത്തിയിരിക്കുന്നത്. നാപ്പോളിയുടെ ജേഴ്‌സി ധരിച്ച് മാലാഖമാരുടേത് പോലെ ചിറകുകളുള്ള മറഡോണയുടെ കുഞ്ഞു പ്രതിമയാണ് ശ്രദ്ധ നേടുന്നത്. ജെന്നി ജി വിര്‍ജിലിയോ എന്ന കലാകാരനാണ് മറഡോണയുടെ ഈ കുഞ്ഞുപ്രതിമയുടെ രൂപകല്‍പനയ്ക്ക് പിന്നില്‍.

നവംബര്‍ 25-നായിരുന്നു ഡീഗോ മറഡോണയെ മരണം കവര്‍ന്നത്. രാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ പോലും കടന്ന് ജനലക്ഷങ്ങളുടെ ഹൃദയത്തിലേക്ക് കടന്നെത്തിയവയായിരുന്നു അദ്ദേഹത്തിന്റെ ഓരോ ഗോളുകളും. ഫുട്ബോളിലെ ദൈവം എന്നായിരുന്നു മറഡോണയെ വിശേഷിപ്പിച്ചത് പോലും.

ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരില്‍ ഒരാളായിരുന്നു ഡീഗോ മറഡോണ. ക്ലബ് ഫുട്ബോള്‍ ജീവിതത്തില്‍ അര്‍ജന്റീനോസ് ജൂനിയേഴ്സ്, ബോക്ക ജൂനിയേഴ്സ്, ബാഴ്സലോണ, നപ്പോളി, സെവിയ്യ, നെവല്‍സ് ഓള്‍ഡ് ബോയ്സ് എന്നീ പ്രമുഖ ക്ലബുകള്‍ക്കുവേണ്ടി താരം കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോളില്‍ അര്‍ജന്റീനയ്ക്ക് വേണ്ടിയും താരം ഫുട്‌ബോള്‍ മൈതാനത്ത് വിസ്മയഗോളുകള്‍ തീര്‍ത്തു.

1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ മറഡോണ അര്‍ജന്റീനയ്ക്ക് വേണ്ടി കളിച്ചു. 1986 ലെ ലോകകപ്പ് കിരീടത്തിലേക്ക് അര്‍ജന്റീനയെ നയിച്ചതില്‍ സുപ്രധാനമായ പങ്കുവഹിച്ചതും മറഡോണ തന്നെയാണ്. ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയെ പരാജയപ്പെടുത്തി അര്‍ജന്റീന ലോകകപ്പ് നേടി. മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണ ഇതേ ലേകകപ്പില്‍ സ്വന്തമാക്കുകയും ചെയ്തു.

അതേസമയം 1986 ലെ ലോകകപ്പ് ടൂര്‍ണമെന്റിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ മറഡേണ നേടിയ രണ്ട് ഗോളുകള്‍ ഫുട്ബോള്‍ ചരിത്രത്തില്‍ തന്നെ ഇടം നേടിയിട്ടുണ്ട്. ഇവയില്‍ ഒരു ഗോള്‍ ‘ദൈവത്തിന്റെ കൈ’ എന്ന പേരിലും മറ്റേത് ‘നൂറ്റാണ്ടിലെ ഗോള്‍’ എന്നും അറിയപ്പെടുന്നു.

Story highlights: Naples honours its hero Diego Maradona with nativity figurine