നയൻതാരയും വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്നു; ചിത്രം ഉടൻ
തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടതാരങ്ങളാണ് നയൻതാരയും വിജയ് സേതുപതിയും. ഇരുവരും ഒന്നിക്കുന്ന ചിത്രം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ‘നാനും റൗഡി താൻ’, ‘സെയ്‌റ നരസിംഹ റെഡ്ഢി’, ഇമൈക്ക നൊടികൾ എന്നീ ചിത്രങ്ങളിലാണ് ഇരുവരും മുൻപ് ഒന്നിച്ചത്. മികച്ച സ്വീകാര്യത നേടിയ ചിത്രങ്ങൾക്ക് ശേഷം തമിഴകത്തിന്റെ സൂപ്പർതാരങ്ങൾ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’. വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം ആരംഭിച്ചു.
നയൻതാരയ്ക്കും വിജയ് സേതുപതിക്കും പുറമെ സാമന്ത അക്കിനേനിയും ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു ത്രികോണ പ്രണയ കഥയാണ് ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’ പറയുന്നത് എന്നാണ് ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകൾ നൽകുന്ന സൂചന. അതേസമയം വാലന്റൈൻസ് ഡേ യിൽ പ്രഖ്യാപിച്ച ചിത്രം കൊവിഡ്-19 നെ തുടർന്ന് നീണ്ടുപോകുകയിരുന്നു.
നയൻതാരയുടേതായി അണിയറയിൽ നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. മലയാളത്തിൽ ഒരുങ്ങുന്ന ‘നിഴൽ’ എന്ന ചിത്രത്തിലാണ് താരം അവസാനം അഭിനയിച്ചത്. ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായാണ് നയൻതാര അഭിനയിച്ചത്. ‘നെട്രിക്കൺ’, മൂക്കുത്തി അമ്മൻ, അണ്ണാത്തെ തുടങ്ങിയ ചിത്രങ്ങളാണ് നയൻതാര നായികയായി ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.
Read also:അച്ഛന്റെ പട്ടാള യൂണിഫോം ധരിച്ച കുഞ്ഞുമിടുക്കി; ശ്രദ്ധനേടി താരത്തിന്റെ കുട്ടിക്കാല ചിത്രം
’19 (1)(എ)’ എന്ന് പേരിട്ടിരിക്കുന്ന മലയാളം ചിത്രത്തിലാണ് വിജയ് സേതുപതി ഏറ്റവുമൊടുവിൽ അഭിനയിച്ചത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതയായ ഇന്ദു വി എസ് ആണ്. വിജയ് സേതുപതിയ്ക്കൊപ്പം ഇന്ദ്രജിത്തും നിത്യ മേനോനും ഇന്ദ്രൻസും ചിത്രത്തിൽ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്ന വിഷയമായിരിക്കും ചിത്രത്തിന്റേത് എന്നാണ് സൂചന. സോഷ്യൽ-പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
Story Highlights:Nayanthara Vijay Sethupathi joins ogether or Vignesh Shivan Film