സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും മധുരവുമായി ‘ഒരു അറേബ്യൻ പ്രണയകഥ’- ശ്രദ്ധനേടി വെബ് സിനിമ
കൊവിഡ് കാലത്ത് പ്രവാസ ലോകത്തുനിന്നും ഒരു വെബ് സിനിമ ശ്രദ്ധ നേടുകയാണ്. ഒരു അറേബ്യൻ പ്രണയകഥ എന്ന ഒരു മണിക്കൂർ ദൈർഘ്യമുള്ള വെബ് സിനിമ മലയാളിക്കൂട്ടായ്‌മയുടെ ഭാഗമായി ഒരുങ്ങിയതാണ്. യൂട്യൂബിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
സൗഹൃദവും പ്രണയവും പങ്കുവയ്ക്കുന്ന ചിത്രം ഹാസ്യത്തിന്റെ മേമ്പൊടിയോടെയാണ് ഒരുക്കിയിരിക്കുന്നത്. ജയകൃഷ്ണൻ എന്ന യുവാവ് അയൽവാസിയായ പെൺകുട്ടിയുമായി അടുക്കുവാൻ ശ്രമിക്കുന്നതും തുടർന്നുള്ള രസകരമായ നിമിഷങ്ങളുമാണ് ഒരു അറേബ്യൻ പ്രണയകഥ പങ്കുവയ്ക്കുന്നത്.
ദുബായിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി വിഷ്ണു ഗോപിയാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. വൈറൽ ഗ്രിഡിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലബാർ കഫേ എന്ന യു ട്യൂബ് ചാനലിലൂടെ സുപരിചിതനായ വിജിൽ ശിവൻ ജയകൃഷ്ണനായി വേഷമിടുന്നു. പ്രവാസി മലയാളിയായ ദന്തഡോക്ടർ ദീപ്തി പ്രകാശാണ് നായിക.
ഷഫാസ് ബഷീർ, ദിലീപ് കുമാർ, സജി പട്ടത്തിൽ, ശരണ്യ സജി, റംഷാദ് അലി എന്നിവരും വേഷമിട്ടിരിക്കുന്നു. ദീപു നായരാണ് ചിത്രത്തിൻറെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. സംവിധായകനായ വിഷ്ണു ഗോപി തന്നെ രചനയും സംഗീതവും നിർവഹിച്ച് ഷൈൻ കുമാർ ആലപിച്ച ഈറൻ കാറ്റിലൊരു പൂവായ് എന്ന ഗാനവും ഈ വെബ് സിനിമയെ വേറിട്ടുനിർത്തുന്നു.
Read More: മോഹന്‍ലാല്‍ തിരക്കിലാണ് അടുക്കളയില്‍ അല്‍പം പാചകവുമായി: വീഡിയോ
പശ്ചാത്തല സംഗീതം- ദീപു നായർ, പിആ ഒ- അജിത് ദിവാകർ, ശബ്ദനിർവഹണം- അനൂപ് തോമസ്, പ്രോഗ്രാമിങ് പ്രിൻസ് റെക്സ്, ടൈറ്റിൽ- പ്രജീഷ് വടകര.
Story highlights- oru arabian pranayakadha web cinema